'നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്നാണ് ആഗ്രഹം, സർക്കാർ തീരുമാനത്തോടൊപ്പം നിൽക്കും'; മുകേഷ്

Tuesday 09 December 2025 1:24 PM IST

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എം മുകേഷ് എംഎൽഎ. വിധിയുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിധിപ്പകർപ്പ് ലഭിച്ചശേഷം അഭിപ്രായം പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിവസമായ ഇന്ന് കൊല്ലത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിനെ കുറ്റിവമുക്തനാക്കിയതിനെക്കുറിച്ച് പ്രതികരിക്കാൻ താൻ ഇപ്പോൾ ബാദ്ധ്യസ്ഥനല്ലെന്നും കേസിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിനെക്കുറിച്ച് പറയാൻ തന്നെ ഏൽപ്പിച്ചിട്ടില്ലെന്നും സിനിമാസംഘടനയിൽ താൻ ഒരു മെമ്പർ മാത്രമാണെന്നും ഉത്തരവാദിത്തപ്പെട്ടവർ പറയട്ടെ എന്നും മുകേഷ് പറഞ്ഞു. വിധിയിൽ നിരാശയുണ്ടോ എന്ന ചോദ്യത്തിന് മുകേഷ് തമാശയിലൂടെ ഒഴിഞ്ഞുമാറി.

കോടതിവിധിയെ മാനിക്കാതിരിക്കാൻ ആവില്ലെന്നും അപ്പീൽ പോകുമെന്ന സർക്കാർ തീരുമാനത്തോടൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.