സിപിഎം നൂറിലേറെ കള്ളവോട്ടുകൾ ചെയ്തു, ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കവേ വഞ്ചിയൂരിൽ സംഘർഷം. സി പി എം കള്ളവോട്ട് ചെയ്‌തെന്ന് ബി ജെ പി ആരോപിച്ചതോടെയാണ് സംഘർഷമുണ്ടായത്. റീ പോളിംഗ് വേണമെന്ന് ബി ജെ പി പ്രവർത്തകർ ആവശ്യപ്പെട്ടു.
വഞ്ചിയൂരിലെ ഒന്നാം ബൂത്തിൽ നൂറിലേറെ കള്ളവോട്ടുകൾ സി പി എം ചെയ്‌തെന്നാണ് ആരോപണം. വഞ്ചിയൂരിൽ താമസിക്കാത്ത ആളുകളെ കൊണ്ടുവന്ന് വോട്ട് ചെയ്യിച്ചെന്നും അത് കള്ളവോട്ടാണെന്നുമൊക്കെയാണ് ബി ജെ പി പ്രവർത്തകർ പറയുന്നത്. ആരോപണം സി പി എം നിഷേധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് ബി ജെ പിയുടെ തീരുമാനം.
ബി ജെ പി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരം നഗരസഭയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന വാർഡാണ് വഞ്ചിയൂർ. ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. വാർഡ് സി പി എമ്മിന് ജയിക്കാൻ വേണ്ടി വെട്ടിമുറിച്ചെന്നുമൊക്കെ നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.