ആഹാ.... കടമക്കുടി

Wednesday 10 December 2025 2:51 AM IST

ആരുമറിയാതെ ആനന്ദ് മഹീന്ദ്രയുടെ കടമക്കുടി സന്ദർശനം

കൊച്ചി: പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ആരുമറിയാതെ കൊച്ചി നഗരത്തോട് ചേർന്ന മനോഹര ഗ്രാമമായ കടമക്കുടി ദ്വീപ് സന്ദർശിച്ച് തന്റെ വാക്കുപാലിച്ചു. ഏതാനും മാസം മുമ്പാണ് താൻ കടമക്കുടി കാണാനെത്തുമെന്ന് ആനന്ദ് എക്സിൽ കുറിച്ചത്. കഴിഞ്ഞയാഴ്ച മഹീന്ദ്ര ഗ്രൂപ്പിന്റെ എം101 വാർഷിക കോൺഫറൻസിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ ആനന്ദ് വെള്ളിയാഴ്ച രാവിലെ 11ന് രണ്ട് സഹപ്രവർത്തകരുമൊത്ത് സ്വന്തം കമ്പനിയുടെ മഹീന്ദ്ര താർ എസ്.യു.വി സ്വയം ഓടിച്ച് കടമക്കുടിയിൽ അരമണിക്കൂറോളം കറങ്ങി. ശേഷം എക്സിൽ എഴുതിയ കുറിപ്പിൽ ഭൂഗോളത്തിലെ ഏറ്റവും സുന്ദരമായ ഗ്രാമങ്ങളിലൊന്നായ കടമക്കുടി സന്ദർശിച്ചെന്നും ആ വിശേഷണം കടമക്കുടിക്ക് എന്തുകൊണ്ടും അർഹിക്കുന്നതാണെന്നും കുറിച്ചു. കാലം കളങ്കപ്പെടുത്താത്ത നിർമ്മല ഭൂമി. കണ്ണെത്താത്ത പാടശേഖരങ്ങൾ, പ്രശാന്തമായ കായൽപ്പരപ്പ്. വെയിലിൽ തൂവലൊതുക്കുന്ന കൊക്കുകളും കറുത്ത നീർക്കാക്കകളും. ചില പ്രകൃതിദൃശ്യങ്ങൾ ആശ്ചര്യപ്പെടുത്തുക മാത്രമല്ല, നിങ്ങളെ നവീകരിക്കുകയും ചെയ്യുമെന്ന് കുറിപ്പിൽ പറയുന്നു. കടമക്കുടിയിലൂടെ താർ ഓടിക്കുന്ന വീഡിയോയും കുറച്ചു ദൃശ്യങ്ങളും കുറിപ്പിനൊപ്പമുണ്ട്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും കുറിപ്പിനെ തുടർന്ന് ആനന്ദിനെ കടമക്കുടിയിലേക്ക് ക്ഷണിച്ചിരുന്നു.