സലായുടെ പ്രതികരണത്തിൽ അമ്പരപ്പ്; ബന്ധം തകർന്നിട്ടില്ലെന്ന് ലിവർപൂൾ കോച്ച്

Tuesday 09 December 2025 5:17 PM IST

റോം: ലിവർപൂൾ താരം മുഹമ്മദ് സലാഹ് തങ്ങളുമായുള്ള ബന്ധം തകർന്നു എന്ന് പരസ്യമായി പറഞ്ഞതിൽ അമ്പരപ്പ് രേഖപ്പെടുത്തി പരിശീലകൻ ആർനെ സ്ലോട്ട്. ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനുമായുള്ള നിർണായക മത്സരത്തിനായി ടീം ഇറ്റലിയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് കോച്ചിനെതിരായ നീരസം സലാഹ് തുറന്നു പറഞ്ഞത്.

ചാമ്പ്യൻസ് ലീഗ് മത്സരത്തെക്കുറിച്ച് താൻ സലാഹുമായി സംസാരിച്ചുവെന്നും താരത്തിന്റെ അഭിമുഖത്തിനുശേഷം തങ്ങൾക്കിടയിൽ നടന്ന ഏക ആശയവിനിമയം ഇതായിരുന്നുവെന്നും ആർനെ സ്ലോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരത്തെ ബെഞ്ചിൽ ഇരുത്തിയിരുന്നെങ്കിലും സലാഹുമായി ബന്ധത്തിൽ വിള്ളലുണ്ടെന്ന് താൻ കരുതുന്നില്ലെന്നും സ്ലോട്ട് കൂട്ടിച്ചേർത്തു.

സലാഹിന്റെ അഭിമുഖം പുറത്തുവരുന്നതുവരെ, തങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്നോ താരം അത്തരത്തിൽ പ്രതികരിക്കുമെന്നോ ഉള്ള യാതൊരു സൂചനയും തനിക്ക് കിട്ടിയിരുന്നില്ലെന്നും ലിവർപൂൾ കോച്ച് പറയുന്നു.