ജില്ലയിലെ പോളിംഗിൽ വാഴക്കുളം,  വടവുകോട് ബ്ളോക്ക് ഡിവിഷനുകൾ മുന്നിൽ. 

Wednesday 10 December 2025 1:07 AM IST

കോലഞ്ചേരി: ജില്ലയിലെ പോളിംഗിൽ വാഴക്കുളം, വടവുകോട് ബ്ളോക്ക് ഡിവിഷനുകൾ മുന്നിൽ. ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ രണ്ട് ബ്ലോക്ക് ഡിവിഷനുകളിലാണ് ജില്ലയിലെ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. വാഴക്കുളം ബ്ലോക്ക് ഡിവിഷനിലാണ് ഏറ്റവും ഉയർന്ന പോളിംഗ് നടന്നത് 80.14. തൊട്ടുപിന്നിൽ വടവുകോടുമുണ്ട് 79.05 ശതമാനമാണ്.

മിക്കയിടത്തും സ്ത്രീ വോട്ടർമാരാണ് മുന്നിൽ.

വാഴക്കുളത്ത് 1,98,555 വോട്ടർമാരുള്ളതിൽ 1,59,123 പേർ വോട്ടു ചെയ്തു. ഇവിടെ 77,184 പുരുഷന്മാർ വോട്ട് ചെയ്തപ്പോൾ 81,939 സ്ത്രീകളാണ് സമ്മതിദാനവകാശം രേഖപ്പെടുത്തിയത്. വടവുകോട്ടിൽ 1,36,532 വോട്ടർമാരുള്ളതിൽ 1,07,932 പേർ വോട്ടു ചെയ്തു. 52,303 പുരുഷ വോട്ടർമാരും 55,628 സ്ത്രീ വോട്ടർമാരുമാണ്. ഒരു ട്രാൻസ്ജെൻഡർ വോട്ടുമുണ്ട്. വോട്ടിംഗ് ശതമാനത്തിലെ വർദ്ധനവ് തങ്ങൾക്ക് അനുകൂലമാണെന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെയും ട്വന്റി20 പാർട്ടിയുടേയും വാദം.