'കൊച്ചിക്കാര്‍ക്ക് പുറത്തിറങ്ങാനാകില്ല'; കേരളത്തിന്റെ മെട്രോ നഗരം നേരിടുന്നത് രണ്ട് പ്രശ്‌നങ്ങള്‍

Tuesday 09 December 2025 8:32 PM IST

കൊച്ചി: കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായി അറിയപ്പെടുന്ന കൊച്ചി പട്ടണം ഓരോ ദിവസവും വളര്‍ച്ചയുടെ പാതയിലാണ്. എന്നാല്‍ ഭാവി മുന്നില്‍ക്കണ്ട് വേണം പദ്ധതികള്‍ വിഭാവനം ചെയ്യാനെന്ന അഭിപ്രായമാണ് പ്രഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'നാളത്തെ കൊച്ചി' യില്‍ ഉയര്‍ന്ന് വന്നത്. നഗരം യഥാര്‍ത്ഥത്തില്‍ അഭിമുഖീകരിക്കുന്നതും സമീപഭാവിയില്‍ തന്നെ വലിയ വെല്ലുവിളിയായി മാറാന്‍ സാദ്ധ്യതയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇപ്പോള്‍തന്നെ പരിഹാരം വേണമെന്നാണ് പരിപാടിയില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടത്.

കൂടുതല്‍ പൊതു ഇടങ്ങളുള്ള, യുവാക്കളെയും വയോജനങ്ങളെയും ഉള്‍ക്കൊള്ളുന്ന പദ്ധതികളുള്ള, മെച്ചപ്പെട്ട പൊതു ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുള്ള, പാലിയേറ്റീവ് സൗകര്യങ്ങളുള്ള, കൊതുകില്ലാത്ത കൊച്ചിയെന്ന വീക്ഷണമാണ് നഗരത്തിന് ആവശ്യം. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ അധികം വൈകാതെ കൊച്ചിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. ഇതിന് കാരണമായി പറയപ്പെടുന്നത് രണ്ട് പ്രശ്‌നങ്ങളാണ്.

നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കും കൊതുക് ശല്യവുമാണ് അടിയന്തരമായി പരിഹരിക്കപ്പെടേണ്ടത്. ഇത് ഭാവിയിലേക്ക് ആവശ്യമായ കാര്യമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

സായാഹ്നങ്ങളില്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണു കൊതുകുശല്യം മൂലമുണ്ടാകുന്നതെന്നു മാനസികാരോഗ്യ വിദഗ്ധന്‍ ഡോ.സി.ജെ.ജോണ്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാര്‍ക്കു സമൂഹത്തില്‍ കൂടുതല്‍ ഇടപഴകാനുള്ള അന്തരീക്ഷം ഉണ്ടാകണം. ജനങ്ങള്‍ക്കു കൂടിയിരിക്കാവുന്ന പൊതു ഇടങ്ങള്‍ കുറവാണെന്നു പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ പറഞ്ഞു.

തോടുകള്‍ വികസിപ്പിച്ചു ജലഗതാഗത സൗകര്യം ഉറപ്പാക്കിയാല്‍ റോഡുകളിലെ തിരക്ക് കുറയ്ക്കാനും കൊതുകു പെരുകുന്നത് ഇല്ലാതാക്കാനും സാധിക്കുമെന്ന് മാനേജ്‌മെന്റ് വിദഗ്ധന്‍ ഡോ. ജോണ്‍ ചിറമേല്‍ പറഞ്ഞു. മുന്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ ബി.ജെ.ആന്റണി, ഐഎംഎ എറണാകുളം മുന്‍ പ്രസിഡന്റ് ഡോ.എം.എം.ഹനീഷ്, സാമൂഹിക പ്രവര്‍ത്തകന്‍ സാബിത് ഉമ്മര്‍, അര്‍ബന്‍ ആര്‍ക്കിടെക്ട് തസ്നിം അഹമ്മദ്, യുവ സംരംഭകരായ ജേക്കബ് റോയ് ചാക്കോ, ഹരീഷ് മോഹനന്‍, തേവര എസ്എച്ച് കോളജ് യൂണിയന്‍ വൈസ് ചെയര്‍പഴ്സണ്‍ ലവ ഹവ്ര ഷിഹാസ്, പ്രഫഷനല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എല്‍ദോ ചിറയ്ക്കച്ചാലില്‍, സെക്രട്ടറി കബീര്‍ ബി.ഹാരൂണ്‍, ഫിനാന്‍സ് വെര്‍ട്ടിക്കല്‍ സ്റ്റേറ്റ് ഹെഡ് നോബി തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.