കാണാതായ 19കാരി വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ മരിച്ചനിലയിൽ, ആൺസുഹൃത്തിനെയടക്കം ചോദ്യം ചെയ്യുന്നു
കൊച്ചി: രണ്ട് ദിവസം മുൻപ് കാണാതായ 19കാരിയെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയാറ്റൂരിലാണ് സംഭവം. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) ആണ് മരിച്ചത്. ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിയാണ് ചിത്രപ്രിയ. കഴിഞ്ഞ ശനിയാഴ്‌ചമുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ഇന്ന് അമ്മ ഷിനി ജോലിചെയ്യുന്ന കാറ്ററിംഗ് സ്ഥാപനത്തിലെ സഹപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് ഉന്നലെ ഉച്ചയ്ക്ക് 2.30ഓടെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പരിക്കുകളുമുണ്ട്. മലയാറ്റൂർ മണപ്പാട്ട് ചിറയ്‌ക്കടുത്ത് സെബിയൂർ റോഡിനടുത്തെ ഒഴിഞ്ഞ റബർതോട്ടത്തിലാണ് മൃതദേഹം കണ്ടത്.
മൃതദേഹം കണ്ടെത്തിയ റബർ തോട്ടം അടുത്തിടെ സ്‌ളോട്ടർ ടാപ്പിംഗ് നടത്തിയതാണ്. ജീൻസും ടോപ്പുമാണ് വേഷം. കൈകാലുകൾക്ക് പരിക്കുണ്ട്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇത് കല്ലോ മറ്റ് ആയുധങ്ങളോ കൊണ്ടുണ്ടായ മുറിവാണെന്നാണ് പൊലീസ് നിഗമനം.
ശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കിൽ ചിത്രപ്രിയയും ഷിനിയും എത്തിയിരുന്നു. താലപ്പൊലിയിലും പങ്കെടുത്തു. 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി. ചിത്രപ്രിയ വീട്ടിലെത്തിയില്ല. ആൺസുഹൃത്തിനൊപ്പം ബൈക്കിൽ കയറി പോയതായാണ് സൂചന. സംശയകരമായ രീതിയിൽ ബൈക്കുമായി മറ്റ് രണ്ടുപേരെക്കൂടി ഇവർക്കൊപ്പം മലയാറ്റൂർ പ്രദേശത്ത് കണ്ടതായും വിവരമുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പൊലീസ്.
പെൺകുട്ടിയുടെ ആൺസുഹൃത്തിനെയടക്കം ചോദ്യംചെയ്യുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഒരാൾ കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്. പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ അറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാലേ യഥാർത്ഥ മരണകാരണമറിയൂ. പെൺകുട്ടിയുടെ മൊബൈൽ ഫോണും പരിശോധനാ വിധേയമാക്കുന്നുണ്ട്. വനംവകുപ്പിൽ താത്കാലിക ഫയർ വാച്ചറാണ് പിതാവ് ഷൈജു. സഹോദരൻ: അഭിജിത്ത്.