ഉപഭോക്താക്കൾക്ക് പലിശയിളവ് വർഷം

Wednesday 10 December 2025 12:15 AM IST

2025ൽ റിപ്പോ നിരക്ക് 1.25 ശതമാനം കുറഞ്ഞു

കൊച്ചി: രാജ്യത്തെ വായ്പാ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം പകർന്ന വർഷമാണ് കടന്നുപോകുന്നത്. നാണയപ്പെരുപ്പ ഭീഷണി ശക്തമായതോടെയാണ് കൊവിഡിന് ശേഷം റിസർവ് ബാങ്ക് തുടർച്ചയായി പലിശ നിരക്ക് ഉയർത്തിയത്. സാമ്പത്തിക രംഗത്ത് തളർച്ച ശക്തമായതോടെ കഴിഞ്ഞ വർഷം പലിശ കുറയ്ക്കാൻ സമ്മർദ്ദമേറിയെങ്കിലും റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ശക്തികാന്ത് ദാസ് വഴങ്ങിയിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ പിൻഗാമിയായി സഞ്ജയ് മൽഹോത്ര കഴിഞ്ഞ വർഷം ഡിസംബർ 26ന് ചുമതലയേറ്റെടുത്തതിന് ശേഷം നയ സമീപനത്തിൽ കാതലായ വ്യത്യാസമുണ്ടായി. സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഫെബ്രുവരിയിലെ ആദ്യ ധന അവലോകന നയത്തിൽ തന്നെ മുഖ്യ നിരക്കായ റിപ്പോ കാൽ ശതമാനം കുറച്ചു. നടപ്പുവർഷം തുടങ്ങുമ്പോൾ റിപ്പോ 6.5 ശതമാനമായിരുന്നു.

ഏപ്രിലിൽ നടന്ന ധന നയ യോഗത്തിലും കാൽ ശതമാനം കുറവുണ്ടായി. ജൂണിലെ നയത്തിൽ അപ്രതീക്ഷിതമായി അര ശതമാനം പലിശയിളവ് പ്രഖ്യാപിച്ച് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് സൃഷ്‌ടിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് ഊർജിതമാക്കി. ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെ നടന്ന ഈ വർഷത്തെ അവസാന ധന നയത്തിൽ കാൽ ശതമാനം കൂടി കുറച്ചതോടെ റിപ്പോ നിരക്ക് 5.25 ശതമാനത്തിലേക്ക് താഴ്ന്നു.

കഴിഞ്ഞ വർഷം സാമ്പത്തിക മേഖലയ്ക്ക് ഏറെ തലവേദന സൃഷ്‌ടിച്ച നാണയപ്പെരുപ്പം പൂർണമായും നിയന്ത്രണ വിധേയമായതാണ് പലിശ കുറയ്ക്കാൻ റിസർവ് ബാങ്കിനെ സഹായിച്ചത്.

ഉപഭോക്താക്കൾക്ക് ആശ്വാസം

നടപ്പുവർഷം റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഒന്നേകാൽ ശതമാനം കുറച്ചതോടെ ഭവന, വാഹന, വ്യക്തിഗത, സ്വർണ, കോർപ്പറേറ്റ് വായ്പകളെടുത്ത ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസമാണ് ലഭിച്ചത്. വായ്പകളുടെ പ്രതിമാന തിരിച്ചടവ് തുക(ഇ.എം.ഐ) ബാങ്കുകൾ കുത്തനെ കുറച്ചു. ഇരുപത് വർഷ കാലാവധിയിലുള്ള മുപ്പത് ലക്ഷം രൂപയുടെ ഭവന വായ്പയുടെ പലിശയിൽ പ്രതിവർഷം 22,776 രൂപയുടെ കുറവാണുണ്ടായത്. മൂന്ന് ലക്ഷം രൂപയുടെ വാഹന വായ്പകളുടെ പലിശയിനത്തിൽ പ്രതിവർഷം 3,700 രൂപ വരെ ലാഭമുണ്ട്.

നിക്ഷേപങ്ങളുടെയും പലിശ താഴേക്ക്

റിസർവ് ബാങ്ക് നടപടി ബാങ്കുകളിൽ സ്ഥിര നിക്ഷേപം നടത്തിയവർക്ക് നഷ്‌ടക്കച്ചവടമാണ്. വിവിധ കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ വാണിജ്യ ബാങ്കുകൾ 0.5 ശതമാനം മുതൽ ഒരു ശതമാനം വരെ കുറച്ചു.