ഊർജ രംഗത്ത് 6.75 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ്
Wednesday 10 December 2025 12:17 AM IST
ധൻബാദ്: അഞ്ച് വർഷത്തിനുള്ളിൽ ഊർജ പരിവർത്തന മേഖലയിൽ 6.75 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.
ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ (ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്) 100-ാം സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ ഖാവ്ഡയിൽ 520 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
2030ൽ പാർക്കിൽ നിന്ന് 30 ജിഗാവാട്ട് ഹരിത ഊർജം ഉത്പാദിപ്പിക്കും. ശരാശരി ഗാർഹിക ഉപഭോഗത്തിൽ പ്രതിവർഷം ആറ് കോടി വീടുകൾക്ക് വൈദ്യുതി നൽകുന്നതിന് തുല്യമാണിത്.
ആദ്യത്തെ 10 ജിഗാ വാട്ട് പദ്ധതി കമ്മീഷൻ ചെയ്തതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവിലുള്ള ഹരിത വൈദ്യുതി വിതരണം സാദ്ധ്യമാക്കാനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.