ജനം നാളെ വിധിയെഴുതും

Wednesday 10 December 2025 12:39 AM IST

പാലക്കാട്: ജില്ലയിൽ 6724 സ്ഥാനാർഥികൾ, 28 ലക്ഷത്തിലധികം വോട്ടർമാർ, 3054 പോളിങ് ബൂത്തുകൾ...

തദ്ദേശ തിരഞ്ഞെടുപ്പ് നാളെ. പോളിങ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറുവരെ തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മുൻസിപാലിറ്റികളിലായി 6724 സ്ഥാനാർത്ഥികളാണ് ജില്ലയിൽ മാറ്റുരയ്ക്കുന്നത്. അന്തിമവോട്ടർ പട്ടിക പ്രകാരം 2,86,24558 വോട്ടർമാരാണ് ജില്ലയിലുള്ളത്. 3054 പോളിംഗ് ബൂത്തുകളുണ്ട്. ഡിസംബർ 13ന് രാവിലെ എട്ട് മുതൽ 20 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും.

ഡിസംബർ ഒൻപത് വൈകീട്ട് ആറ് മുതൽ വോട്ടെടുപ്പ് ദിവസമായ 11ന് പോളിംഗ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നീട് വോട്ടെണ്ണൽ ദിവസമായ ഡിസംബർ 13നും ഡ്രൈ ഡേ ആയിരിക്കും.

 ജില്ലയിൽ 3054 പോളിംഗ് ബൂത്തുകൾ

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയിൽ സജ്ജീകരിക്കുന്നത് ആകെ 3054 പോളിംഗ് ബൂത്തുകൾ. ഓരോ പോളിംഗ് ബൂത്തിലും പരമാവധി 1300 വോട്ടർമാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പോളിംഗ് ബൂത്തിന് കുറഞ്ഞത് 20 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. കൂടാതെ, ഓരോ വാർഡിന്റെയും പരിധിയ്ക്കുള്ളിൽ തന്നെ അതിന്റെ പോളിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യും. പഞ്ചായത്തുകളിലാകെ 2749 പോളിംഗ് ബൂത്തുകളും നഗരസഭകളിൽ 305 പോളിംഗ് സ്റ്റേഷനുകളുമാണ് ഉള്ളത്.

തിരഞ്ഞെടുപ്പിൽ എല്ലാവർക്കും പങ്കാളികളാകാൻ കഴിയുന്ന വിധത്തിൽ ഭിന്നശേഷി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങൾ ഓരോ പോളിംഗ് സ്റ്റേഷനിലും ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും എത്താൻ സൗകര്യപ്രദമായ റാംപ് നിലവിലുണ്ടാകും. ശുചിമുറി, കുടിവെള്ളം, തടസ്സമില്ലാത്ത വൈദ്യുതി എന്നിവ പോളിംഗ് സ്റ്റേഷനുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളിലേക്ക് പോളിംഗ് ഉദ്യോഗസ്ഥർക്ക് എത്തുന്നതിന് ആവശ്യമായ യാത്രാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

 284 പ്രശ്നബാധിത ബൂത്തുകൾ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 3,054 ബൂത്തുകളിൽ 284 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തി. പാലക്കാട്, ചിറ്റൂർ - തത്തമംഗലം, ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും അറുപതോളം ഗ്രാമപഞ്ചായത്തുകളിലുമാണ് ബൂത്തുകൾ ഉള്ളത്. രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള സംഘർഷങ്ങൾ, സാമുദായിക സംഘർഷങ്ങൾ, അനധികൃത പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യം, ഒരു പോളിംഗ് ബൂത്തിൽ അമിതമായി വോട്ടർമാർ ഉൾപ്പെടുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരം ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്. മുൻകാല വോട്ടിംഗ് പെരുമാറ്റരീതികൾ (ഉയർന്ന / കുറഞ്ഞ പോളിംഗ് ശതമാനം), ക്രമക്കേടുകളോ ഗുരുതരമായ ലംഘനങ്ങളോ ആരോപിച്ച് റീപോളിംഗ് നടത്താൻ ഉത്തരവിട്ട ബൂത്തുകൾ, അക്രമം/ ക്രമസമാധാന സംഭവങ്ങൾ, ദുർബല ജനസംഖ്യാ വിഭാഗങ്ങൾ കൂടുതലായുള്ള പ്രദേശങ്ങൾ, ക്രിമിനൽ ഘടകങ്ങളുടെ സ്വാധീനമുള്ള മേഖലകൾ, ഭൂമിശാസ്ത്രപരമായ/ വിദൂര ഘടകങ്ങൾ, പ്രചാരണ ലംഘനങ്ങൾ / മാതൃകാ കോഡ് ലംഘനങ്ങൾ, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഭീഷണികൾ തുടങ്ങിയവയാണ് പ്രശ്നബാധിത ബൂത്തുകൾ തിരിച്ചറിയാൻ ഇലക്ഷൻ കമ്മിഷൻ നിശ്ചയിച്ച മാനദണ്ഡങ്ങൾ. ഇത്തരം പ്രശ്നബാധിതമായ 180 ബൂത്തുകളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.