@ നാളെ ബൂത്തിലേക്ക് കോഴിക്കോട് കോർപ്പറേഷൻ പിടിവിടില്ല, പിടിച്ചെടുക്കും
@ അവകാശവാദങ്ങളുമായി മുന്നണികൾ
കോഴിക്കോട്: പരസ്യപ്രചാരണം അവസാനിച്ചതോടെ കൂട്ടലും കിഴിക്കലുമായി തികഞ്ഞ പ്രതീക്ഷയിലാണ് മുന്നണികൾ. പ്രമുഖ നേതാക്കളെയെല്ലാം കളത്തിലിറക്കി കോർപ്പറേഷൻ ഭരണം പിടിക്കാനും നിലനിർത്താനും ശക്തമായ പ്രചാരണമാണ് മൂന്ന് മുന്നണികളും നടത്തിയത്. പതിറ്റാണ്ടുകളായി തുടരുന്ന കോർപ്പറേഷൻ ഭരണം നിലനിറുത്താൻ എൽ.ഡി.എഫിന് കരുത്ത് പകരാൻ മുഖ്യമന്ത്രി പിണറായി വിജയനും എത്തിയിരുന്നു. സി.പി.എം കോർപ്പറേഷൻ തുടർഭരണം ഉറപ്പിച്ച മട്ടാണ്. ആ വിശ്വാസം ഇളക്കി മറിക്കുന്ന പ്രവർത്തനങ്ങളാണ് യു.ഡി.എഫും എൻ.ഡി.എയും നടത്തിയത്. ബി.ജെ.പി പിടിക്കുന്ന വോട്ടുകളും നേടുന്ന സീറ്റുകളും ഇക്കുറി നിർണായകമാകും. ശബരിമല സ്വർണക്കൊള്ള, രാഹുൽ മാങ്കൂട്ടത്തിൽ വിഷയം, വിലക്കയറ്റം തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയായി.
തുടർഭരണം ഉറപ്പിച്ച് എൽ.ഡി.എഫ്
തുടർഭരണം ഉറപ്പിച്ച മട്ടിലായിരുന്നു എൽ.ഡി.എഫ് പ്രചാരണം. കാര്യമായ ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് വിലയിരുത്തൽ. 2020ൽ ആകെയുള്ള 75 ഡിവിഷനിൽ 50 സ്വന്തമാക്കി വിജയരഥമേറിയ എൽ.ഡി.എഫ് 45 മുതൽ 51 വരെ സീറ്റുകൾ ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ്. 2020 46 സീറ്റിൽ സി.പി.എം, സി.പി.ഐ, എൻ.സി.പി, ജനതാദൾ, കോൺഗ്രസ് എസ് ഓരോസീറ്റ് വീതമാണ് സ്വന്തമാക്കിയത്. ഇക്കുറി 76 ഡിവിഷനുകളിലേക്കാണ് പോരാട്ടം. സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം കൂടുതൽ ഡിവിഷനുകളിൽ വിജയിക്കുകയാണ് ലക്ഷ്യം.
സീറ്റ് നില -2025-എൽ.ഡി.എഫ്
സി.പി.എം...........57
സി.പി.ഐ ............5
ആർ.ജെ.ഡി .........5
എൻ.സി.പി .............3
ജനതാദൾ എസ് - 2
ഐ.എൻ.എൽ, കേരള കോൺഗ്രസ്, നാഷണൽ ലീഗ്, കോൺഗ്രസ് എസ് -1
പിടിച്ചെടുക്കാൻ യു.ഡി.എഫ്
ഭരണം പിടിക്കുമെന്ന് ഉറപ്പിച്ചാണ് യു.ഡി.എഫ് പ്രചാരണം. കോർപ്പറേഷനിലെ അഴിമതിയും ശബരിമല സ്വർണക്കടത്തുൾപ്പെടെയുള്ള സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളുമായിരുന്നു മുഖ്യ പ്രചാരണ വിഷയം. സിറ്റിംഗ് സീറ്റുകൾ നിലനിറുത്തുന്നതിനൊപ്പം കഴിഞ്ഞ തവണ കൈവിട്ട കോട്ടകൾ തിരിച്ചുപിടിക്കാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. നഗരത്തിലും തീരദേശങ്ങളിലും മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെസി.വേണുഗോപാൽ, സജി ജോസഫ്, ഷാഫി പറമ്പിൽ എം.പി, ഹെെബി ഈഡൻ തുടങ്ങിയ നേതാക്കളെയെല്ലാം രംഗത്തിറക്കിയായി രുന്നു പ്രചാരണം. 41 മുതൽ 45 സീറ്റുകൾ വരെ നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.
സീറ്റ് നില -2025-യു.ഡി.എഫ്
കോൺഗ്രസ്........49
സി.എം.പി ............2
മുസ്ലിം ലീഗ്........25
കരുത്തുകാട്ടാൻ ബി.ജെ.പി കഴിഞ്ഞ തവണത്തെ ഏഴ്‌സീറ്റ് ബി. ജെ.പിയ്ക്ക് ലഭിച്ച ഊർജ്ജം ചെറുതല്ല. ഈ എനർജി കെമുതലാക്കിയാണ് പ്രചാരണത്തിനിറങ്ങിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, എം.ടി രമേശ്, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കൾ പ്രചാരണത്തിനെത്തി. നിലവിലെ സീറ്റുകൾ നിലനിർത്തുകയും കൂടുതൽ സീറ്റുകൾ നേടുകയുമാണ്എൻ.ഡി.എയുടെ ലക്ഷ്യം. നഗരത്തിലും ബേപ്പൂരിലുമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിലൂടെ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ടുപിടിക്കൽ.
സീറ്റ് നില -2025 എൻ.ഡി.എ
ബി.ജെ.പി.........74
നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി)..1
ബി.ഡി.ജെ.എസ്........1