ആകാശത്ത് നിന്ന് 50 കിലോ ഭാരമുള്ള ഐസ് പാളി താഴേക്ക് വീണു; 'അത്ഭുത പ്രതിഭാസം' കേരളത്തില്‍

Tuesday 09 December 2025 11:01 PM IST

തിരുവനന്തപുരം: ആകാശത്ത് നിന്ന് കൂറ്റന്‍ ഐസ് പാളി താഴേക്ക് വീണതിന്റെ അങ്കലാപ്പിലാണ് കേരളത്തിലെ ഒരു ഗ്രാമം. മലപ്പുറം ജില്ലയിലെ ഒരു വീടിന് മുകളിലാണ് 50 കിലോഗ്രാം ഭാരമുള്ള ഐസ് പാളി പതിച്ചത്. സംഭവത്തെത്തുടര്‍ന്ന് വീടിന് ചെറിയ കേടുപാടുകളും സംഭവിച്ചു. സംഭവം ഔദ്യോഗികമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പറയുന്നത് പോലെയൊരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അത്ഭുത പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ വിഭാഗം പ്രതികരിച്ചിരിക്കുന്നത്.

മലപ്പുറം കാളികാവില്‍ മമ്പാട്ടുമൂലയിലെ ഓട്ടോ ഡ്രൈവര്‍ കൊമ്പന്‍ ഉമ്മറിന്റെ വീടിന് മുകളിലാണ് കൂറ്റന്‍ ഐസ് പാളി വീണത്. മഴക്കാലത്ത് ആലിപ്പഴം വീഴുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു സംഭവം അത്ഭുതമുണ്ടാക്കിയതായി ഉമ്മറിന്റെ ബന്ധുക്കള്‍ പറയുന്നു. വേനല്‍ മഴയുടെ സമയത്തും മഞ്ഞ് കാലത്തുമാണ് ഇതുപോലെയുള്ള പ്രതിഭാസം സാധാരണയായി കാണപ്പെടാറുള്ളത്. എന്നാല്‍ തെളിഞ്ഞ കാലാവസ്ഥയില്‍ ഇത് സംഭവിച്ചത് വലിയ ആശ്ചര്യമാണ് അധികൃതരിലും ഉണ്ടാക്കിയിരിക്കുന്നത്.

ചതുരാകൃതിയിലുള്ള 'ഐസ് ക്യൂബുകള്‍' ആകാശത്ത് സ്വാഭാവികമായി രൂപപ്പെടുന്നില്ലെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വിശദീകരിക്കുന്നു. ആകാശത്ത് നിന്ന് വീഴുന്ന എല്ലാത്തരം ഐസുകളും താപനില മരവിപ്പിക്കുന്നതിലും താഴെ (0°C അല്ലെങ്കില്‍ 32°F) മേഘങ്ങളില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതാണ് ശാസ്ത്രീയ വശം.