ഷറഫിന് വോട്ടിടൽ മോഹം മാത്രമായി

Wednesday 10 December 2025 1:23 AM IST

തിരുവനന്തപുരം: വിലപ്പെട്ട സമ്മതിദാന അവകാശം രേഖപ്പെടുത്തണമെന്ന് ഷറഫിന്(59) അതിയായ ആഗ്രഹമുണ്ട്, പക്ഷേ,​ ഇക്കുറി അത് സാധിച്ചില്ല. 10 വർഷമായി ഒരേ കിടപ്പിലായ ഷറഫ് പ്രിസൈഡിംഗ് ഓഫീസറായും പോളിംഗ് ഓഫീസറായുമൊക്കെ സേവനം ചെയ്തിട്ടുണ്ട്. ചവറ പനയന്നാർകാവ് സ്വദേശിയാണ് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഷറഫ്.

കൊവിഡ് നാളുകളിൽ കിടപ്പുരോഗികൾക്കും 85 വയസ് കഴിഞ്ഞവർക്കും വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തരക്കാരെ പരിഗണിച്ചില്ല. തന്റെ സങ്കടം ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. 2015-ൽ ആറാട്ടുപുഴ പഞ്ചായത്ത് ഓഫീസിൽനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്കു വരുമ്പോഴുണ്ടായ അപകടമാണ് ഷറഫിന്റെ ജീവിതം നിശ്ചലമാക്കിയത്.

ഷറഫിന്റെ ദുരിതാവസ്ഥ കേരളകൗമുദി പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് മകൻ മിൽഹാന് ആശ്രിതനിയമനം ലഭിച്ചിരുന്നു. തന്നെപ്പോലുള്ള ആയിരക്കണക്കിന് സമ്മതിദായകർക്ക് വോട്ടവകാശം വിനിയോഗിക്കാനുള്ള ക്രമീകരണം അധികൃതർ ഉണ്ടാക്കുമെന്നാണ് ഷറഫിന്റെ പ്രതീക്ഷ.