ഫണ്ടില്ല:കുഫോസ് മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രം തുലാസിൽ
തിരുവനന്തപുരം: സർക്കാർ ഫണ്ട് വൈകുന്നതോടെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) ചാവക്കാട് മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രം അനിശ്ചിതത്വത്തിൽ. 50 ലക്ഷം രൂപയാണ് കേന്ദ്രം ആരംഭിക്കാൻ ആവശ്യം. എന്നാൽ കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിയിട്ടും ഫണ്ട് ലഭിച്ചിട്ടില്ല. ജീവനക്കാരെ നിയമിക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾക്കുമാണ് തുക ആവശ്യം. നവംബറിൽ കേന്ദ്രം തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.
മത്സ്യബന്ധന മേഖലയുടെ സാങ്കേതിക വികസനം വഴി യുവതി, യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് വൈജ്ഞാനിക കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി എൻ.കെ. അക്ബർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം വിനിയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. അഞ്ച് പാഠ്യപദ്ധതികളിലായി രണ്ട് സെമസ്റ്റർ ക്ലാസുകൾ. 300 വിദ്യാർത്ഥികൾക്ക് പഠന സൗകര്യം. തൊഴിൽ സാദ്ധ്യത മുൻനിറുത്തി സാങ്കേതിക പരിജ്ഞാനവും നൈപുണ്യവും പകർന്നു നൽകുന്ന കോഴ്‌സുകൾ
തുടങ്ങുമെന്ന് പറഞ്ഞിരുന്നു.. ഇതിനായി വിഴിഞ്ഞം ഇന്റർനാഷണൽ പോർട്ടുമായും നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സ് ഗോവയുമായും ധാരണാപത്രത്തിൽ ഒപ്പിടാൻ കുഫോസ് തീരുമാനമെടുത്തിരുന്നു.
കുഫോസിന്റെ നേതൃത്വത്തിലുള്ള ആദ്യ നോളജ് സെന്ററായാണ് ചാവക്കാട് മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രത്തിൽ വിഭാവനം ചെയ്തത്. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തെ തുടർന്നാണ് പദ്ധതി സർക്കാരിന് സമർപ്പിച്ചത്.