സിസ്റ്റർ ജോസഫീന 70ലും വൈബാണ്

Wednesday 10 December 2025 1:16 AM IST

കോട്ടയം: കിടങ്ങൂർ ലിറ്റിൽ ലൂർദ്ദ് കോൺവെന്റ് ചാപ്പലിലെ പുലർച്ചെയുള്ള പ്രാർത്ഥനയ്ക്കുശേഷം അസി. മദറായ സിസ്റ്റർ ജോസഫീന നേരെയെത്തുന്നത് ഫാമിലേക്കാണ്. വയസ് എഴുപത് കഴിഞ്ഞെങ്കിലും സന്യാസജീവിതത്തിനപ്പുറം കൃഷിയും മൃഗസംരക്ഷണവും സിവിൽ എൻജിനിയറിംഗുമെല്ലാം ജോസഫീനയ്ക്ക് പ്രാർത്ഥനയാണ്.

ജോസഫീനയുടെ സ്നേഹപരിചരണത്തിൽ ജാനിയും നവമിയും ക്രിസ്റ്റിയുമെല്ലാം ഹാപ്പിയാണ്. ജനനമാസത്തെ ആശ്രയിച്ചാണ് പശുക്കൾക്ക് പേരിട്ടിരിക്കുന്നത്. ജനുവരിയിൽ ജനിച്ചത് ജാനി, നവംബറിൽ നവമി, ജൂലായിൽ ജൂലി, ഡിസംബറിൽ ക്രിസ്റ്റി എന്നിങ്ങനെ നീളുന്നു.

കോൺവെന്റ് കവാടം കടന്നാൽ സിസ്റ്റർ നട്ടുവളർത്തുന്ന കാർഷികവിളകൾ കാണാം. കപ്പ, വാഴ, മഞ്ഞൾ, തേങ്ങ, ചേന, ചേമ്പ്, പോതപ്പുൽ തുടങ്ങിയവ തഴച്ചുവളരുന്നു. പ്രാർത്ഥന സിസ്റ്റർക്ക് ഊർജ്ജമാണ്. അത് പശുത്തൊഴുത്തിലും കൃഷിയിടങ്ങളിലും കാണാം. രണ്ടു പശുവിൽ നിന്നാണ് തുടങ്ങിയത്. ഇന്ന് അഞ്ചെണ്ണമുണ്ട്. ശരാശരി ഒരു പശുവിൽ നിന്ന് എട്ടുലിറ്റർ പാൽ ലഭിക്കും. മറ്റ് കോൺവെന്റുകളിലേക്കും പാൽ നൽകും. ചാണകം ബയോഗ്യാസ്, വളം എന്നിവയുമുണ്ട്.

രോഗം തളർത്തി, അതിജീവിച്ചു അമ്മഞ്ചേരി സ്വദേശിനിയായ സിസ്റ്റർ കടുത്തുരുത്തി ഐ.ടി.ഐയിൽ നിന്നാണ് സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ കോഴ്‌സ് പൂർത്തിയാക്കിയത്. 1980ൽ വെളിയനാട് മഠം നിർമ്മാണമായിരുന്നു ആദ്യവർക്ക്. 11 വർഷം മുൻപാണ് കിടങ്ങൂരിലെത്തിയത്. മൂന്നുനില കോൺവെന്റും നിർമ്മിച്ചു. ബംഗളൂരുവിൽ ഉൾപ്പെടെ ജോലി ചെയ്തു. 2016 കാലയളവിൽ ഗുല്ലൻവാരിയെന്ന രോഗം ബാധിച്ചെങ്കിലും ജീവിതത്തിലേക്ക് തിരികെയെത്തി. നിലവിൽ കിടങ്ങൂർ ഓൾഡേജ് ഹോം നിർമ്മാണത്തിന്റെ തിരക്കിലാണ്.