സി.ബി.ഐ ചമഞ്ഞ് വെർച്വൽ അറസ്റ്റ്: സി.ബി.ഐ അന്വേഷിക്കും
കൊച്ചി: വയോധികനെ സി.ബി.ഐ ഓഫീസർ ചമഞ്ഞ് വെർച്വൽ അറസ്റ്റ് ചെയ്ത് 5.99 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറി. ഒന്നരക്കൊല്ലം മുമ്പ് നടന്ന തട്ടിപ്പിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അന്വേഷണം സി.ബി.ഐ കൊച്ചി യൂണിറ്റിന്റെ സാമ്പത്തിക വിഭാഗത്തിന് കൈമാറിയത്. മരട് പൊലീസും തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ചുമാണ് ആദ്യഘട്ട അന്വേഷണം നടത്തിയത്.
മരട് പൂണിത്തുറ പേട്ട സ്വദേശിയായ 74കാരനാണ് 2024 ഏപ്രിൽ 29നും മേയ് 21നുമിടെ 11 തവണയായി പണം നഷ്ടമായത്. വാട്സാപ്പ് നമ്പരിൽ വീഡിയോ കോൾ ചെയ്ത അനിൽ യാദവ് എന്നയാളാണ് വെർച്വൽ അറസ്റ്റിന് നേതൃത്വം നൽകിയത്. ഡെൽഹി പൊലീസിന്റെയും സി.ബി.ഐയുടെയും ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് വിളിച്ചത്. ഡെൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും , സി.ബി.ഐയുടെ ഡെൽഹി ബ്രാഞ്ചാണ് അന്വേഷിക്കുന്നതെന്നും പറഞ്ഞു. കോടതിയുടെ വാറണ്ടിൽ അറസ്റ്റ് ഒഴിവാക്കാൻ പണം കെട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം പണം തിരികെ നൽകുമെന്നും ഉറപ്പ് നൽകി. വീഡിയോ കോൾ ചെയ്തയാൾ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നതിനാൽ സംശയം തോന്നിയില്ല.
വി.ടി ട്രേഡിംഗ്, കാവ്യ ഗ്രോയിംഗ്, റിഹാൻ തുടങ്ങി 10 കമ്പനികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ നമ്പരുകളാണ് പണം അയച്ചു കൊടുക്കാൻ നൽകിയത്. മേയ് 21നു ഏറ്റവുമൊടുവിൽ പണം അയച്ച ശേഷം വാട്സ്‌ആപ് നമ്പരിൽ പല തവണ വിളിച്ചിട്ടും എടുക്കാതിരുന്നതിനാൽ സംശയം തോന്നി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതിപ്പെട്ടു.കേസെടുത്ത മരട് പൊലീസ് 1.52 കോടി രൂപ വീണ്ടെടുത്ത് പരാതിക്കാരന് കൈമാറിയെങ്കിലും ബാക്കി 4.46 കോടി രൂപ കണ്ടെത്താനായില്ല. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി ,കേസിന്റെ സ്വഭാവം കണക്കിലെടുത്താണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.