ചലച്ചിത്രപ്രവർത്തകയുടെ പരാതി: പി.ടി.കുഞ്ഞുമുഹമ്മദിനെ ഉടൻ ചോദ്യം ചെയ്യും
തിരുവനന്തപുരം : ചലച്ചിത്ര പ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ
സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെ ഉടൻ പൊലീസ് ചോദ്യം ചെയ്യും. പരാതിയിൽ പറയുന്ന ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പരാതിയിൽ പറയുന്ന സമയം പരാതിക്കാരിയും കുഞ്ഞുമുഹമ്മദും ഹോട്ടലിൽ ഉണ്ടായിരുന്നതായും കണ്ടെത്തി. മജിസ്ട്രേറ്റിന് മുമ്പാകെ പരാതിക്കാരിയുടെ രഹസ്യമൊഴിയും ഉടൻ രേഖപ്പെടുത്തും.
സി.പി.എം സഹയാത്രികനും മുൻ എം.എൽ.എയുമായ കുഞ്ഞുമുഹമ്മദിനെതിരായ പരാതി നവംബർ 27നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചത്. ഡിസംബർ രണ്ടിന് പൊലീസിന് കൈമാറി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി പൊലീസിന് കൈമാറാൻ വൈകിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.ഡിസംബർ 13ന് ആരംഭിക്കുന്ന 30ാമത് രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനിടെ നവംബർ മാസം ആറിനാണ് സംഭവം. ചലച്ചിത്രമേളയുടെ മലയാളം സിനിമകളുടെ സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. പരാതിക്കാരിയായ കമ്മിറ്റി അംഗമായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.