ദിലീപിനെ തിരിച്ചെടുക്കേണ്ടി വന്നേക്കും: രൺജി പണിക്കർ

Wednesday 10 December 2025 1:32 AM IST

കൊച്ചി: ദിലീപിനെ സിനിമാ സംഘടനകൾക്ക് തിരിച്ചെടുക്കേണ്ടി വന്നേക്കുമെന്ന് നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടെന്നാണ് തന്റെ വിശ്വാസം. ഡബ്ല്യു.സി.സി അടക്കമുള്ളവർക്ക് നിരാശയുണ്ടാകാം. കക്ഷികൾക്ക് സ്വാഭാവികമായും പരിഭവവും പ്രതിഷേധവുമുണ്ടാകും. കേസിൽ കോടതി കണ്ടെത്തുന്നതാണ് സത്യം. കോടതി കുറ്റവിമുക്തനാക്കിയപ്പോൾ, താൻ ഇരയാക്കപ്പെട്ടതായി വിചാരിക്കാനും പ്രതികരിക്കാനും ദിലീപിനും അവകാശമുണ്ട്. അതിനെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് രൺജി പണിക്കർ പറഞ്ഞു.

പ്രതികളെ കൊല്ലാൻ തോന്നി: ലാൽ

ആക്രമിക്കപ്പെട്ട രാത്രി തന്റെ വീട്ടിലെത്തിയ നടിയുടെ സ്ഥിതി കണ്ട് അതു ചെയ്തവരെ കൊല്ലാൻ തോന്നിയെന്ന് സംവിധായകൻ ലാൽ. അന്നത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയെ വിവരം അറിയിച്ചത് പി.ടി. തോമസ് അല്ല, താനാണ്. നടിയുടെ ഡ്രൈവർ മാർട്ടിനെ തുടക്കത്തിലേ സംശയം തോന്നി. വിധിയിൽ സന്തുഷ്ടിയുണ്ട്. ഏറ്റവും വലിയ ശിക്ഷ തന്നെ പ്രതികൾക്ക് കിട്ടണം. കേസ് സുപ്രീംകോടതിയിൽ എത്തിയാലും പറയാനുള്ളതെല്ലാം പറയും. വിധി വന്നശേഷം അതിജീവിതയെ വിളിച്ചിട്ടില്ല. സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന് അറിയില്ല.