പൊലീസിന് എതിരെ നിയമ നടപടിക്ക് ദിലീപ്

Wednesday 10 December 2025 1:35 AM IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം താൻ ആസൂത്രണം ചെയ്‌തതാണെന്ന് വരുത്താൻ പ്രത്യേക അന്വേഷണ സംഘം നടത്തിയ ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നിയമനടപടി സ്വീകരിച്ചേക്കും. ഗൂഢാലോചന ആദ്യം ആരോപിച്ച മുൻഭാര്യ മഞ്ജു വാര്യർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറുപ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ പ്രഖ്യാപിച്ചശേഷമാകും നിയമ നടപടിയിലേക്ക് നീങ്ങുക എന്നാണ് അറിയുന്നത്.

കേസിൽ തന്നെ പ്രതിയും ആസൂത്രകനുമാക്കാൻ അന്വേഷണസംഘമാണ് ഗൂഢാലോചന നടത്തിയതെന്ന് വിചാരണക്കോടതി വെറുതേ വിട്ടശേഷം ദിലീപ് ആരോപിച്ചിരുന്നു. ഒരു മുതിർന്ന ഉദ്യോഗസ്ഥ കഥകൾ മെനയുകയും സമൂഹ മാദ്ധ്യമങ്ങൾ വഴി തെറ്റായി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപിച്ചത്.

കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയ പ്രത്യേകസംഘത്തിലെ ചില ഉദ്യോഗസ്ഥർ സർക്കാരിനെയും മുഖ്യമന്ത്രിയേയും വരെ തെറ്റിദ്ധരിപ്പിച്ചു. തന്നെയും കുടുംബത്തെയും മോശമാക്കാനും സാമൂഹ്യമായി ഒറ്റപ്പെടുത്താനും ശ്രമിച്ചു. കുടുംബപ്രേക്ഷകരിൽ നിന്ന് അകറ്റാനും നോക്കി. പിന്തുണച്ചവരെയും അഭിഭാഷകരെയും കുടുക്കാൻ ശ്രമിച്ചു. പ്രത്യേക അന്വേഷണസംഘം മേധാവി രണ്ടര മണിക്കൂറാണ് തന്നെ ചോദ്യം ചെയ്‌തതെങ്കിലും 13 മണിക്കൂറെന്ന് പ്രചരിപ്പിച്ചുവെന്നും ദിലീപ് ആരോപിച്ചിരുന്നു.

'അതിജീവിതയുമായി പ്രശ്നങ്ങളില്ല, നല്ല സൗഹൃദം'

അതിജീവിതയുമായി തനിക്ക് പ്രശ്നങ്ങളില്ല. നല്ല സൗഹൃദമാണ് എന്നും പുലർത്തിയിരുന്നതെന്നും ദിലീപ് പറഞ്ഞു. കേസിൽ ആദ്യത്തെ നാലുമാസം തന്റെ പേരുപോലും പറഞ്ഞിരുന്നില്ല. പിന്നീട് തനിക്കെതിരെ പറഞ്ഞത് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടലിലാണ്. ഗൂഢാലോചനയുടെ യഥാർത്ഥ ഇര താനാണ്. പൊലീസ് ഉന്നതർക്കും പങ്കുണ്ട്.