നടിയെ മാനഭംഗപ്പെടുത്തൽ: ആ ക്വട്ടേഷന് പിന്നിൽ ആര് ?
കൊച്ചി: ''എല്ലാം ക്വട്ടേഷന്റെ ഭാഗമാണ്. ഞങ്ങൾ നഗ്നദൃശ്യങ്ങൾ എടുക്കും. ബാക്കി ഡീൽ ഒക്കെ അവർ സംസാരിച്ചോളും...'' 2017 ഫെബ്രുവരി 17ന് ഓടുന്ന കാറിൽവച്ച് അതിക്രമത്തിന് ഇരയായ നടിയോട് പൾസർ സുനി പറഞ്ഞതാണിത്. നടൻ ദിലീപ് കുറ്റവിമുക്തനായതോടെ സുനിയും കൂട്ടുപ്രതികളും ആരുടെ ക്വട്ടേഷനാണ് നടപ്പാക്കിയതെന്ന ചോദ്യം വീണ്ടും ഉയരുന്നു.
കാവ്യാ മാധവനുമായുള്ള തന്റെ ബന്ധം മഞ്ജുവാര്യരെ അതിജീവിത അറിയിച്ചതിലെ പകയിൽനിന്നാണ് പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തി കൃത്യം നടപ്പാക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് വിചാരണക്കോടതി കണ്ടെത്തി.
അതിക്രമത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന മുൻ ഭാര്യ മഞ്ജുവാര്യരുടെ പരാമർശത്തോടെയാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചതെന്ന് വിധിക്കുശേഷം ദിലീപ് തുറന്നടിച്ചതോടെ പൾസറിന് പിന്നിലെ ക്രിമിനൽ ബുദ്ധി ആരുടേതെന്ന ചോദ്യം പ്രസക്തമാകുന്നു.
കേസിൽ നിർണായക തെളിവായ ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പദ്ധതി നടപ്പാക്കാൻ സുനി പുതിയ ഫോൺ വാങ്ങിയിരുന്നു. ആലപ്പുഴയിലേക്ക് കടന്ന പ്രതികൾ അവിടെവച്ചാണ് ദൃശ്യം മെമ്മറി കാർഡിലേക്ക് പകർത്തിയത്.
1. പൾസറിന്റേതു മാത്രമോ? ദൃശ്യം കാട്ടി ബ്ലാക്ക്‌മെയിൽ ചെയ്ത് വൻതുക തട്ടിയെടുക്കാൻ പൾസർ സുനി മാർട്ടിനുൾപ്പെടെയുള്ള അഞ്ച് കൂട്ടുപ്രതികളുമായി ചേർന്ന് നടപ്പാക്കിയ കുറ്റകൃത്യമെന്നാണ് ആദ്യ കുറ്റപത്രം. എന്നാൽ, ജയിലിൽനിന്ന് സുനി സഹതടവുകാരനെക്കൊണ്ട് ദിലീപിന് നൽകാനെന്ന തരത്തിൽ കത്തെഴുതിച്ച് പുറത്തെത്തിച്ചതോടെ കേസിന് പുതിയമാനം കൈവന്നു. പൾസറിന്റെ ഓപ്പറേഷനായിരുന്നെങ്കിൽ ഇത് എന്തിനായിരുന്നുവെന്ന ചോദ്യം ബാക്കി.
2. ദുരൂഹത നിറഞ്ഞ 'മാഡം' നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസ് പിടിയിലാകുന്നതിനു മുൻപ് 'മാഡ'ത്തിന് കൈമാറിയെന്നായിരുന്നു സുനിയുടെ മൊഴി. എന്നാൽ, ഇതുവരെ മാഡം ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ കാവ്യാമാധവന്റെ സ്ഥാപനമായ ലക്ഷ്യയിൽ സുനി എത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്തിരുന്നു. ഇതോടെ 'മാഡം' കാവ്യയാണെന്ന് അഭ്യൂഹം ഉയർന്നെങ്കിലും തെളിയിക്കാനായില്ല.
3. വിവാഹം മുടക്കലോ? വിവാഹനിശ്ചയത്തിന് പിന്നാലെയാണ് നടി അതിക്രമത്തിന് ഇരയായത്. ദൃശ്യം പകർത്തുന്ന സമയത്ത് വിവാഹ മോതിരംകൂടി പതിയണമെന്ന് ക്വട്ടേഷൻ നൽകിയ ആൾ നിർദ്ദേശിച്ചെന്നാണ് സുനി മൊഴി നൽകിയത്. ഇതോടെ നടിയുടെ വിവാഹം മുടക്കാനാണ് അതിക്രമമെന്ന സംശയം ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. അങ്ങനെയെങ്കിൽ വിവാഹം മുടക്കാൻ പദ്ധതിയിട്ടത് ആരെന്ന ചോദ്യവും ബാക്കിയാണ്.