അലയടിച്ച് ആവേശം

Wednesday 10 December 2025 12:40 AM IST
കലാശക്കൊട്ട്.

കോഴിക്കോട്: നാളുകൾ നീണ്ട പ്രചാരണങ്ങൾക്കും വാക്പോരുകൾക്കും വിരാമമിട്ട് കളർഫുൾ കലാശക്കൊട്ട്. ഇന്ന് നിശബ്ദ പ്രചാരണം. റോഡ് ഷോകളും ഡി.ജെയുമായി ജില്ലയിലെ തെരുവുകളിൽ മുന്നണി പ്രവർത്തകർ ആടിത്തിമിർത്തു. പാരടിപ്പാട്ടുകളും മുദ്രാവാക്യം വിളികളും ബെക്ക് റാലികളും വീഥികളെ പുളകം കൊള്ളിച്ചു. സ്ഥാനാർത്ഥികളും നേതാക്കളും കലാശക്കൊട്ടിൽ ആവേശം വിതറി. വെെകിട്ട് നാല് മണിയോടെയാണ് പാളയത്ത് കൊട്ടിക്കലാശത്തിന് തുടക്കമായത്. കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ മുഖം മൂടിയണിഞ്ഞും പാർട്ടി കൊടികൾ വീശിയും ഡി.ജെയ്ക്കൊപ്പം നൃത്തം വെച്ചും ബി.ജെ.പി, യു.ഡി.എഫ് പ്രവർത്തകർ പ്രചാരണം കൊഴുപ്പിച്ചു. തൊട്ടു പിന്നാലെ എൽ.ഡി.എഫ് പ്രവർത്തകരുമെത്തി. കൊടിതോരണങ്ങളാൽ അലങ്കരിച്ച തുറന്ന വാഹനങ്ങളിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ ജംഗ്ഷനിലെത്തിയതോടെ പ്രവർത്തകർ ആവേശത്തിലായി. കലാശക്കൊട്ട് കാണാൻ നൂറുകണക്കിന് ആളുകളാണ് പാളയത്ത് എത്തിയത്. മൂന്ന് മുന്നണികളും വാർഡുകളിലും അവസാനവട്ട പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ആറു മണിയോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീണു. സംഘർഷം ഒഴിവാക്കാൻ കോഴിക്കോട് നഗരത്തിൽ കർശന പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.