നൂറിന്റെ നിറവിൽ അവരെത്തി, പൗരാവകാശം വിനിയോഗിക്കാൻ
തിരുവല്ല : തദ്ദേശ തിരഞ്ഞെടുപ്പിൽ നൂറാം വയസിലും അതിനുശേഷമുള്ളവരും പ്രായാധിക്യത്തിന്റെ അവശതകൾ മാറ്റിവെച്ച് വോട്ട് രേഖപ്പെടുത്താൻ എത്തി. കുറ്റൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം നമ്പർ ബൂത്തിൽ കത്തോലിക്ക സഭയിലെ സീനിയർ വൈദികൻ നൂറു വയസുള്ള ഫാ.എബ്രഹാം മാരേട്ട് വോട്ട് രേഖപ്പെടുത്തി. 1956ൽ സംസ്ഥാനം രൂപീകൃതമായ ശേഷമുള്ള 57 മുതൽ എല്ലാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം വോട്ടവകാശം വിനിയോഗിച്ചു. ഇപ്പോൾ കുറ്റൂർ സ്നേഹസദനിൽ വിശ്രമജീവിതം നയിക്കുകയാണ്. വോട്ട് പാഴാക്കരുത് എന്ന സന്ദേശമാണ് തന്നെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് എബ്രഹാം മാരേട്ട് പറഞ്ഞു. സീനിയർ വൈദികരായ മാത്യു പഞ്ഞിക്കാട്ടിൽ, തോമസ് പുതിയവീട്ടിൽ എന്നിവരും വോട്ട് ചെയ്യാൻ ഒപ്പമെത്തി. കടപ്ര 15-ാം വാർഡിൽ 100 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് പേർ ഒന്നിച്ചു വന്നതും കൗതുകമായി. കോണ്ടൂർ പുത്തിൽ വീട്ടിൽ സരോജനിയമ്മയും മണപ്പുറത്ത് വീട്ടിൽ ഗീവറുഗിസ് ജോർജുമാണ് പ്രായാധിക്യത്തിലും വോട്ടവകാശം വിനിയോഗിക്കാൻ എത്തിയത്.