പടിയും ഡോളിയും വേണ്ട, വഴിവെട്ടി വെട്ടിപ്രം ബൂത്തിലേക്ക്

Wednesday 10 December 2025 12:46 AM IST

പത്തനംതിട്ട : ജില്ലയിലെ മറ്റ് വാർഡുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട നഗരസഭയിലെ 33-ാനമ്പർ ശാരദാമഠം വാർഡ്. പൂവൻപാറ, വട്ടമുരുപ്പേൽ, ശാരദാമഠം, വിളയിൽ എന്നീ മലകൾ ചേർന്നതാണ് വാർഡ്. വാർഡുപോലെ തന്നെ വോട്ടെടുപ്പ് കേന്ദ്രവും കുന്നിൻ മുകളിലാണ്. വെട്ടിപ്രം ശ്രീനാരായണ ശതവത്സര മെമ്മോറിയൽ യു.പി സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്താൻ

43 പടികൾ കയറണം. പ്രായമായവരും കിടപ്പുരോഗികളും അധികമുള്ള വാർഡിലെ വോട്ടെടുപ്പ് കേന്ദ്രത്തിലെ ദുരിതമകറ്റാൻ ഇന്നലെ രാത്രിയോടെ കുന്നിടിച്ച് താൽക്കാലിക നടപ്പാത നിർമ്മിച്ച് കോൺക്രീറ്റ് ചെയ്തു. കഴിഞ്ഞ വർഷം വരെ രോഗികളേയും നടക്കാൻ കഴിയാത്തവരേയും ഡോളിയിൽ എടുത്താണ് പോളിംഗ് സ്റ്റേഷനിൽ എത്തിച്ചിരുന്നത്. പുതിയ വഴിവെട്ടിയതോടെ ഈ ദുരിതത്തിന് ഒരു പരിധിവരെ അറുതിയായി.

സൗഹൃദം പങ്കിട്ട് സ്ഥാനാർത്ഥികൾ നഗരസഭാ വാർഡെങ്കിലും തനി ഗ്രാമീണജനത അധിവസിക്കുന്ന വാർഡാണ് ശാരദാമഠം. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോയമ്മ സൈമൺ, എൽ.ഡി.എഫ് സ്ഥാനാർത്ഥി രജനി മത്തായി, ബി.ജെ.പി സ്ഥാനാർത്ഥി സ്വപ്ന, സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.ഫൗസിന തക്ബീർ എന്നിവർ സ്‌കൂൾ പടിക്കെട്ടിൽ വോട്ടെടുപ്പ് ദിനം ഒരുമിച്ചുണ്ടായിരുന്നു.

അവശർക്ക് സഹായമായി

സിവിൽ വോളന്റിയർമാർ

ഇതിനിടെ ജോയമ്മാ സൈമണിന്റെ മാതാവ് കിടപ്പുരോഗിയായ മോളി സൈമണുമായി സഹോദരൻ ജോൺ സൈമണെത്തി. കാറിൽ നിന്നും മാതാവിനെ എടുത്ത് താൽക്കാലിക പാതയിലുടെ മുകളിലേക്ക് കയറിയതോടെ സിവിൽ വോളന്റിയർമാരായ ശ്രീജിത്തും ആശാലക്ഷ്മിയും ഓടിയെത്തി. ഇവരുടെകൂടി സഹായത്തോടെ പോളിംഗ് സ്‌റ്റേഷനിലെത്തി വോട്ടു ചെയ്തശേഷം 73കാരിയായ മോളി മടങ്ങി. ഇത്തരത്തിൽ ആറോളം കിടപ്പു രോഗികളെയും അവശരും പ്രായമായവരുമായ നിരവധി ആളുകളേയും ഇവർ വോട്ടിടാൻ സഹായിച്ചു. 1159 വോട്ടറന്മാരാണ് ഇവിടെയുള്ളത്.