വയോജനങ്ങൾക്ക് വോട്ടിന് സൗകര്യം ഒരുക്കി ടോക്കിംഗ് പാർലർ
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിലെ എല്ലാ വാർഡുകളിലും ഉൾപ്പെടുന്ന വയോജനങ്ങൾക്കായി ആവശ്യമായ സേവന സൗകര്യങ്ങൾ ചെയ്തു കൊടുത്ത് ടോക്കിംഗ് പാർലർ. മുതിർന്ന പൗരന്മാരെ പോളിംഗ് ബൂത്തിൽ സുരക്ഷിതമായി എത്തിച്ചു വോട്ടു രേഖപ്പെടുത്തിയത്തിനുശേഷം അവരുടെ വീടുകളിൽ കൊണ്ടുചെന്നാക്കി. സഹായം കിട്ടാത്തതിന്റെ പേരിൽ മുതിർന്ന പൗരന്മാർ വോട്ട് ചെയ്യാതെ പോകരുതെന്ന ഉദ്ദേശത്തോടെ ടോക്കിംഗ് പാർലറിന്റെ നേതൃത്വത്തിൽ നടന്ന സേവനത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 92വയസ്സുള്ള നാരായണൻ നമ്പിയ്ക്കു ഈ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യണമെന്ന് ആഗ്രഹ മുണ്ടായിരുന്നു. എന്നാൽ ഒറ്റപ്പെട്ടു കഴിയുന്ന, നാരായണൻ നമ്പിയ്ക്ക് പരസഹായം ഇല്ലാതെ വോട്ട് ചെയ്യാൻ കഴിയുമായിരുന്നില്ല.അപ്പോഴാണ് ടോക്കിംഗ് പാർലർ കോ ഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ളയുടെ സന്ദേശം കണ്ടത്. സഹായം ആവശ്യമുള്ള വയോജനങ്ങൾ ടോക്കിംഗ് പാർലർ കോ ഓർഡിനേറ്ററെ ബന്ധപ്പെടേണ്ടതാണെന്ന വാർത്ത കണ്ടതുകൊണ്ട് വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ സംതൃപ്തി ഉണ്ടെന്നു ഒറ്റയ്ക്കു കഴിയുന്ന മുൻ കോളേജ് അദ്ധ്യാപകൻ കൂടിയായ എൺപത്തഞ്ചു വയസ്സുള്ള ഡോ.അച്യുത പണിക്കർ പറഞ്ഞു. ചീഫ് കോർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള,ആൻസി ബെഞ്ചമിൻ,കെ.ബി.സാധുജൻ,ജയചന്ദ്രൻപിള്ള.ബി.എം തുടങ്ങിയവർ നേതൃത്വം നൽകി.