ആദ്യഘട്ടം 70.9% പോളിംഗ്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിൽ ഏഴു ജില്ലകളിൽ ഭേദപ്പെട്ട പോളിംഗ്. 70.9 ശതമാനം. ആവേശ കൊടുമുടിയേറിയ പ്രചാരണവും വിവാദങ്ങളും കൊഴുപ്പേകിയ തിരഞ്ഞെടുപ്പിൽ പക്ഷേ, 2020ലെ തിരഞ്ഞെടുപ്പിനെക്കാൾ പോളിംഗ് ശതമാനത്തിൽ കുറവ്. കഴിഞ്ഞ തവണ ഏഴ് ജില്ലകളിലായി 73.79 ശതമാനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലായിരുന്നു വോട്ടെടുപ്പ്. എറണാകുളത്താണ് കൂടുതൽ പോളിംഗ് 74.58%. കുറവ് പത്തനംതിട്ടയിൽ 66.78.
ഏഴ് ജില്ലകളിലായി വോട്ട് രേഖപ്പെടുത്തിയതിൽ കൂടുതലും പുരുഷന്മാർ- 71.6%. സ്ത്രീകൾ 70.28%. ട്രാൻസ്ജെൻഡേഴ്സ് 40.45%. ആകെ 1.32 കോടി വോട്ടർമാരിൽ 94 ലക്ഷംപേർ വോട്ട് ചെയ്തു. രാത്രി എട്ടുവരെയുള്ള കണക്കാണിത്. അന്തിമ പോളിംഗ് ശതമാനം വരുമ്പോൾ നേരിയ വ്യത്യാസം വന്നേക്കാം.
അങ്ങിങ്ങ് ചില അക്രമങ്ങൾ ഒഴികെ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. വൈകിട്ട് ആറിന് വോട്ടെടുപ്പ് സമയം തീർന്നപ്പോഴും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണപ്പെട്ടു. ഇവിടങ്ങളിൽ അവസാന വോട്ടർക്കു വരെ അവസരം നൽകി ഏഴു മണിയോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്.
സ്ഥാനാർത്ഥികൾ മരിച്ചതിനാൽ സംസ്ഥാനത്ത് മൂന്ന് വാർഡുകളിലെ വോട്ടെടുപ്പ് മാറ്റിവച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ്, തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് എന്നിവിടങ്ങളിലെ വോട്ടെടുപ്പാണ് മാറ്റിവച്ചത്.
തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നാളെയാണ് വോട്ടെടുപ്പ്. ഇവിടങ്ങളിൽ ഇന്നലെ പരസ്യ പ്രചാരണം സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. രണ്ട് ഘട്ടങ്ങളിലേയും വോട്ടെണ്ണൽ 13ന്.
കള്ളവോട്ടിനെ
ചൊല്ലി സംഘർഷം
തിരുവനന്തപുരം കോർപ്പറേഷനിലെ വഞ്ചിയൂർ വാർഡിൽ കള്ളവോട്ടിനെ ചൊല്ലിയും എറണാകുളത്ത് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി സംഘടനയുടെ സാബു ജോർജ് വാർത്താലേഖകരോട് സംസാരിച്ചതിനെചൊല്ലിയും സംഘർഷമുണ്ടായി. ആലപ്പുഴയിൽ മണ്ണഞ്ചേരി അമ്പലക്കാട് വാർഡിൽ വോട്ടിംഗ് യന്ത്രം തകരാറിലായതോടെ വോട്ടെടുപ്പ് പൂർത്തിയാക്കാനായില്ല. ഇവിടെ നാളെ റീപോളിംഗ്. ആലപ്പുഴ ജില്ലാപഞ്ചായത്തിലെ ആര്യാട് വാർഡിലും ആര്യാട് ബ്ളോക്ക് പഞ്ചായത്തിലെ മണ്ണഞ്ചേരി വാർഡിലും റീപോളിംഗ് ഉണ്ടാകും.
കോർപ്പറേഷനുകളിലെ
പോളിംഗ് ശതമാനം
(ബ്രാക്കറ്റിൽ 2020ലേത് )
തിരുവനന്തപുരം....... 58.24, (59.96)
കൊല്ലം........................ 63.32 (66.22)
കൊച്ചി........................ 62.52 (62.04)
പോളിംഗ് ജില്ലകളിൽ
(ബ്രാക്കറ്റിൽ 2020ലേത്,
ശതമാനത്തിൽ)
തിരുവനന്തപുരം..............67.4 (70.02)
കൊല്ലം.............................. 70.36 (73.51)
പത്തനംതിട്ട..................... 66.78 (69.72)
ആലപ്പുഴ........................... 73.76 (77.39)
കോട്ടയം............................ 70.94 (73.95)
ഇടുക്കി.............................. 71.77 (74.68)
എറണാകുളം.................. 74.58 (77.28)
പ്രീ പോൾ സർവെ പോസ്റ്റ്: കേസ് വന്നാൽ നടപടി വരാം
തിരുവനന്തപുരം: വോട്ടിംഗ് നടക്കുന്നതിനിടെ പ്രീ പോൾ സർവെ ഫലം ഫേസ്ബുക്കിൽ ഷെയർചെയ്തത് ആർ. ശ്രീലേഖ പിൻവലിച്ചെങ്കിലും നടപടിയുടെ സാദ്ധ്യത അടയുന്നില്ല. ശാസ്തമംഗലം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് മുൻ ഡി.ജി.പി ശ്രീലേഖ. സൈബർ സെൽ നിർദ്ദേശിച്ചതോടെ ശ്രീലേഖ പോസ്റ്റ് പിൻവലിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ പോസ്റ്റ് പിൻവലിച്ചതിനാൽ തുടർ നടപടികൾ തത്കാലം ഉണ്ടാവില്ല. എന്നാൽ വാർഡിലെ വോട്ടർമാരിൽ ആരെങ്കിലും കോടതിയെ സമീപിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വന്നേക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ എൻ.ഡി.എയ്ക്ക് മുൻതൂക്കമുണ്ടെന്ന തരത്തിലുള്ള സീ വോട്ടർ ഏജൻസിയുടെ സർവെയാണ് ശ്രീലേഖ ഷെയർചെയ്തത്. വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എസ്. സരളാറാണിയുടെ പോളിംഗ് ഏജന്റ് വിവേക് വിജയകുമാറാണ് തിരഞ്ഞെടുപ്പ് കമ്മിഷനും എം.സി.സിക്കും(മാതൃകാ പെരുമാറ്റച്ചട്ട സമിതി) പരാതി നൽകിയത്. പോസ്റ്റിനെതിരെ നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. സൈബർ പൊലീസിന് വിഷയം റിപ്പോർട്ട് ചെയ്തതിനുപിന്നാലെയാണ് പോസ്റ്ര് പിൻവലിച്ചത്.