കേരളത്തിലെ ഗ്രാമങ്ങളിലെ മനുഷ്യർ ഇവരുടെ ഭീഷണിയിൽ, തങ്ങുന്നത് ഒഴിഞ്ഞ പറമ്പിലും തരിശ് നിലങ്ങളിലും
പുതുക്കാട്: കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയ മലയോര പഞ്ചായത്തുകളിലെ കർഷകർക്കുനേരെ മുഖം തിരിച്ച് ജില്ലാ ഭരണകൂടം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ലൈസൻസുള്ള തോക്കുടമകൾ തങ്ങളുടെ നോക്കുകൾ സറണ്ടർ ചെയ്യണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. എല്ലാ തിരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി ഇത്തരം നടപടികൾ ഉണ്ടാകാറുള്ളതാണ്.
കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്ന സ്ഥലങ്ങളിലെ അംഗീകൃത ഷൂട്ടർമാർക്ക് തോക്ക് സറണ്ടർ നടപടിയിൽ നിന്നും ഇളവ് അനുവദിക്കാറുണ്ട്. ഈ ആവശ്യത്തിനു നേരെയാണ് ജില്ലാ ഭരണകൂടം മുഖം തിരിച്ചത്.
എന്നാൽ അതിർത്തി ജില്ലകളായ എറണാകുളം, മലപ്പുറം ജില്ലകൾ ഉൾപ്പെടെയുള്ള ജില്ലകളിൽ കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്തുന്ന അംഗീകൃത ഷുട്ടർമാരുടെ തോക്കുകൾ സറണ്ടർ ചെയ്യുന്നത് ഒഴിവാക്കിയിട്ടുണ്ട്. അളഗപ്പ നഗർ, തൃക്കൂർ, വരന്തരപ്പിള്ളി എന്നീ പഞ്ചായത്തുകളിലെ നെൽക്കർഷകർ ഇറക്കിയ മുണ്ടകൻ കൃഷി വ്യാപകമായി കാട്ടുപന്നികൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാസം പ്രായമായ നെൽച്ചെടികളാണ് പന്നിക്കുട്ടമെത്തി വ്യാപകമായി നശിപ്പിക്കുന്നത്.
തരിശായി കിടക്കുന്ന കൃഷിയിടങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും തമ്പടിച്ചിട്ടുള്ള പന്നിക്കൂട്ടങ്ങൾ പെറ്റുപെരുകി വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും കർഷകരുടെ കണ്ണിര് കാണാൻ ജില്ലാ ഭരണകൂടം തയ്യറാകാത്തത് കർഷകരുടെ രോഷത്തിന് ഇടയാക്കുന്നു.
ഡി.എഫ്.ഒയുടെ കത്ത് പരിഗണിച്ചില്ല കർഷകരുടെയും പാടശേഖര സമിതികളുടെയും ആവശ്യപ്രകാരം കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയ അംഗീകൃത ഷൂട്ടർമാർക്ക് ഇളവ് അനുവദിക്കണമെന്ന് ചാലക്കുടി ഡി.എഫ്.ഒ ജില്ലാ കളക്ടർക്ക് രേഖാമൂലം കത്ത് നൽകിയിരുന്നു. എന്നാൽ തൃശൂർ ജില്ലാ മജിസ്‌ട്രേറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റിവ്യൂ യോഗങ്ങളിൽ ഡി.എഫ്.ഒ നൽകിയ കത്ത് പരിഗണനയ്ക്ക് എടുത്തില്ലെന്നുള്ളതാണ് വിരോധാഭാസം.
തൃശൂർ സിറ്റി പൊലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖ്, തൃശൂർ റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ പവർ ഗ്രിഡ് കോർപ്പറേഷന്റെ മാടക്കത്ര സബ്സ്‌റ്റേഷനിലെ സെക്യൂരിറ്റി ഗാർഡുകളുടെ തോക്കുകൾ സറണ്ടർ ചെയ്യുന്നതിന് മാത്രമാണ് ഇളവ് അനുവദിച്ചത്.