ഗുരുവായൂർ ക്ഷേത്രത്തിൽ 100 കിലോ വെള്ളി ലോക്കറ്റ്
Wednesday 10 December 2025 2:24 AM IST
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 100 കിലോയോളം തൂക്കമുള്ള 9,000 വെള്ളി ലോക്കറ്റുകളെത്തി. വില നിശ്ചയിക്കുന്നതടക്കമുള്ള നടപടി പൂർത്തിയാക്കി ഭക്തർക്ക് വിതരണം ചെയ്യും. ക്ഷേത്രത്തിൽ ഒരു വർഷത്തോളമായി വെള്ളി ലോക്കറ്റുകൾ ലഭ്യമായിരുന്നില്ല. കേന്ദ്രസർക്കാർ സ്ഥാപനമായ ഹൈദരാബാദിലെ മിന്റിൽ നിർമ്മിച്ച ഗുരുവായൂരപ്പന്റെ മുദ്രയുള്ള അഞ്ചു ഗ്രാമിന്റെ ലോക്കറ്റുകളാണ് എത്തിച്ചത്. കാണിക്കയായി ലഭിച്ച വെള്ളി ഉരുപ്പടികൾ കൊണ്ടാണ് ലോക്കറ്റുകൾ തയ്യാറാക്കിയത്. മൊത്തം അഞ്ചു ടൺ ഉണ്ടായിരുന്ന വെള്ളി ഉരുക്കി ശുദ്ധീകരിച്ചപ്പോൾ നാലു ടണ്ണായി കുറഞ്ഞു. അതിൽനിന്ന് 100 കിലോ ഉപയോഗിച്ചാണ് ലോക്കറ്റുകൾ നിർമ്മിച്ചിട്ടുള്ളത്. ബാക്കി 3,900 കിലോ വെള്ളി മിന്റിലുണ്ട്. ദേവസ്വം കമ്മീഷണറുടെ അനുമതിപ്രകാരം എന്തു ചെയ്യണമെന്നത് സംബന്ധിച്ച് ദേവസ്വം തീരുമാനമെടുക്കും.