ഇരട്ടവോട്ട് ചെയ്ത് പൊലീസുകാരി

Wednesday 10 December 2025 1:25 AM IST

കൊല്ലം: പോസ്റ്റൽ ബാലറ്റ് വാങ്ങിയ പൊലീസുകാരി ഇരട്ട വോട്ട് ചെയ്തതെന്ന് പരാതി. കൊല്ലം സിറ്റി പൊലീസിലെ എ.എസ്.ഐ കൊട്ടാരക്കര അന്നൂർ വിശാഖത്തിൽ സുധാകുമാരിക്കെതിരെയാണ് പരാതി.

നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ അന്നൂർ 12ാം വാർഡിലെ വോട്ടർ പട്ടികയിൽ രണ്ടിടങ്ങളിൽ സുധാകുമാരിയുടെ പേരുണ്ടായിരുന്നു.139ാം ക്രമനമ്പർ കാട്ടി ആധാർ നമ്പർ സഹിതം തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥയെന്ന നിലയിൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചു.പോസ്റ്റൽ ബാലറ്റ് നിലനിൽക്കെ, ഇതേ വോട്ടർ പട്ടികയിലെ ഇരട്ടിപ്പായ 172ാം ക്രമനമ്പർ ഉപയോഗിച്ച് അന്നൂർ ഡി.വി.എൻ.എസ്.എസ് യു.പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയതോടെ ഇടത് ഇൻ ഏജന്റുമാർ തർക്കം ഉന്നയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസ്റ്റൽ ബാലറ്റ് കൈപ്പറ്റിയ ശേഷം ഇരട്ടിപ്പ് വോട്ടാണ് ചെയ്തതെന്ന് വ്യക്തമായത്. ഇതോടെ വരണാധികാരിക്ക് ഇടത് മുന്നണി പ്രവർത്തകർ രേഖാമൂലം പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മിഷനടക്കം പരാതി നൽകുമെന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് വി.പി.പ്രശാന്ത് അറിയിച്ചു.

പോസ്റ്റൽ ബാലറ്റ് ലഭിച്ച അതേ ക്രമനമ്പർ ഉപയോഗിച്ച് പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തിരുന്നുവെങ്കിൽ തർക്കത്തിന് ഇടയാകില്ലായിരുന്നു, പോസ്റ്റർ ബാലറ്റ് അസാധുവായേനെ. ഇരട്ടവോട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടുകൊണ്ടുതന്നെ രണ്ടാം വോട്ട് ചെയ്തതിലൂടെ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. നേരത്തെ പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഇടത് പാനലിന് എതിരെ മത്സരിച്ചയാളാണ് സുധാകുമാരി.