എല്ലാം സുസ്സജ്ജം, വോട്ട് ചെയ്താൻ മതി; നാളെ 36.18 ലക്ഷം പേർ ബൂത്തിലേക്ക്
മലപ്പുറം: പതിവിനേക്കാൾ വീറുംവാശിയും പ്രകടമായ തദ്ദേശതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങൾക്ക് കൊട്ടിക്കലാശം. ഇന്ന് നിശബ്ദപ്രചാരണത്തിന് ശേഷം നാളെ വോട്ടർമാർ വിധികുറിക്കും. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിൽ ചുരുങ്ങിയത് 80 ഇടങ്ങളിലെങ്കിലും ഭരണം കൈപ്പിടിയിലാക്കാനാവുമെന്നാണ് യു.ഡി.എഫിന്റെ അവസാനവട്ട വിശകലനം. 2020ലെ 24 പഞ്ചായത്തുകളിൽ കുറഞ്ഞതൊന്നും എൽ.ഡി.എഫിന്റെ കണക്കിലില്ല. നിലവിൽ 12 നഗരസഭകളിൽ ഒമ്പതിടത്ത് യു.ഡി.എഫ് ഭരണസമിതിയും. മൂന്നിടത്ത് എൽ.ഡി.എഫുമാണ്. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ പന്ത്രണ്ടിടത്ത് യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫും ഭരിക്കുന്നു. ജില്ലാപഞ്ചായത്തിലെ 21 ഡിവിഷനുകളിൽ ലീഗും ആറിടത്ത് കോൺഗ്രസും അഞ്ചിടത്ത് സി.പി.എമ്മുമാണ്. മുനിസിപ്പാലിറ്റികളുടെ എണ്ണം പത്തായി വർദ്ധിക്കുമെന്നും ബ്ലോക്കുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും മുന്നേറ്റവുമാണ് യു.ഡി.എഫിന്റെ അവകാശവാദം. നില മെച്ചപ്പെടുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻ.ഡി.എ. നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിലേക്കുള്ള ചൂണ്ടുപലക കൂടിയാവും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന വിലയിരുത്തലിൽ നാളെ പോളിംഗ് ബൂത്തിലെ ജനം നീങ്ങുമ്പോൾ ഏറെ ആകാംശയിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ വി.ആർ.വിനോദും ജില്ലാ പൊലീസ് മേധാവി ആർ. വിശ്വാനാഥും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 11ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക്‌പോൾ നടക്കും. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ മുതൽ നടക്കും. ജില്ലയിൽ 15 ബ്ലോക്കുകളിലും 12 മുൻസിപ്പാലിറ്റികളിലുമായി 27 സ്വീകരണ, വിതരണ കേന്ദ്രങ്ങളാണുള്ളത്. മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ (പായിംപാടം) ഒരുസ്ഥാനാർഥി മരണപ്പെട്ടതിനാൽ ഈ വാർഡിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.
203 ലൊക്കേഷനുകളിലായി 295 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. 277 സെൻസിറ്റീവ്, 18 ഹൈപ്പർ സെൻസിറ്റീവ് ബൂത്തുകളിലാണിത്. പൂർണമായും വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചാണ് വോട്ടെടുപ്പ്. 15,260 ബാലറ്റ് യൂണിറ്റുകളും 5,600 കൺട്രോൾ യൂണിറ്റുമാണ് ജില്ലയിൽ ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്ത് തലത്തിൽ 14,490 ബാലറ്റ് യൂണിറ്റുകളും 4,830 കൺട്രോൾ യൂണിറ്റുകളും മുൻസിപ്പാലിറ്റിയിൽ 770 വീതം കൺട്രോൾ ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. നഗരസഭയിൽ ഒന്നും ഗ്രാമപഞ്ചായത്തുകളിൽ മൂന്നും ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ബാലറ്റ് യൂണിറ്റിന് വെള്ള നിറവും ബ്ലോക്ക് പഞ്ചായത്തിന് പിങ്ക് നിറവും ജില്ലാ പഞ്ചായത്തിന് ഇളം നീല നിറവുമാണ്. മുൻസിപ്പാലിറ്റികളിൽ ഉപയോഗിക്കുന്ന ബാലറ്റ് യൂണിറ്റിന് വെള്ള നിറമാണുള്ളത്. ആകെ 20,848 പോളിംഗ് ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് നയോഗിച്ചിട്ടുള്ളത്. 4,343 വീതം പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും 8,686 പോളിംഗ് ഓഫീസർമാരും വിവിധ പോളിംഗ് ബൂത്തുകളിൽ ഡ്യൂട്ടിയിലുണ്ടാവും. 869 വീതം പ്രിസൈഡിംഗ്, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 1,738 പോളിംഗ് ഓഫീസർമാർ എന്നിവർ റിസർവിലുമുണ്ടാവും. ഇതുസംബന്ധിച്ച വാർത്താസമ്മേളനത്തിൽ പൊതു നിരീക്ഷകൻ പി.കെ.അസിഫ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി.ആർ. ജയന്തി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് എന്നിവരും പങ്കെടുത്തു.
സുരക്ഷയ്ക്ക് 7,000 ഉദ്യോഗസ്ഥർ
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമാധാനപരമായ നടത്തിപ്പിനായി 7,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ 2,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ജില്ലകളിലെ ബറ്റാലിയനുകളിൽ നിന്നായി 3,000ൽപരം പൊലീസുദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ ലോക്കൽ പൊലീസിന് പുറമെ ക്രൈം ബ്രാഞ്ച്, വിജിലൻസ്, എക്‌സൈസ്, ഫോറസ്റ്റ്, മോട്ടോർ വാഹന വകുപ്പ്, ഫയർ ആൻഡ് റസ്‌ക്യൂ ഉദ്യോഗസ്ഥരെയും ഹോം ഗാർഡുമാരെയും നിയോഗിച്ചിട്ടുണ്ട്. സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി 1,618 പേരെയും ബൂത്തുകളിലെ സൂരക്ഷാചുമതലയിൽ നിയോഗിക്കുന്നുണ്ട്. 11ന് വൈകുന്നേരം ആറു വരെ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 27 സ്വീകരണ വിതരണ കേന്ദ്രങ്ങളിൽ വിവിധ ഡിവൈ.എസ്.പിമാരുടെ കീഴിൽ പൊലീസിന്റെ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് സാമഗ്രികൾ മതിയായ സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് പോളിംഗ് ബൂത്തിലേക്കും പോൾ ചെയ്ത ഇ.വി.എമ്മുകൾ സൂരക്ഷിതമായി തിരികെയും എത്തിക്കും. പോളിംഗ് ബൂത്തുകളിലും ഡിവൈ.എസ്.പിമാരുടെ കീഴിൽ സൂരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വോട്ടെടുപ്പ് ദിവസം പഞ്ചായത്തുകളിൽ പോളിംഗ് സ്റ്റേഷന് 200 മീറ്റർ അകലത്തിലും മുൻസിപ്പാലിറ്റികളിൽ 100 മീറ്റർ അകലത്തിലും മാത്രമേ രാഷ്ട്രീയ പാർട്ടികളുടെ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കാവൂ. തിരഞ്ഞെടുപ്പ് നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ, വെബ്കാസ്റ്റിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർ ഒഴികെ മറ്റാർക്കും പോളിംഗ് സ്റ്റേഷനുകൾക്കകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല.
സഹായിയെ കൊണ്ട് വോട്ട് ചെയ്യിക്കാം അന്ധതമൂലമോ മറ്റ് ശാരീരിക അവശതമൂലമോ ഒരുസമ്മതിദായകന് ചിഹ്നം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുന്നതിനുള്ള ബട്ടൺ അമർത്തുന്നതിനോ വോട്ടിംഗ് മെഷീനിലെ ബാലറ്റ് ബട്ടണോട് ചേർന്നുള്ള ബ്രയിൽ ലിപി സ്പർശിച്ച് വോട്ട് ചെയ്യുന്നതനോ പരസഹായം കൂടാതെ കഴിയുകയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യം വരുന്ന പക്ഷം, വോട്ടർക്ക് അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ചും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്യുന്നതിന് 18 വയസ്സിൽ കുറയാത്ത പ്രായമുള്ള ഒരു സഹായിയെ കൊണ്ടുപോകാൻ അനുവദിക്കും. അത്തരം അവസരത്തിൽ സമ്മതിദായകന്റെ ഇടത് ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കൈയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടും.
നോട്ടയില്ല
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളലേക്കുള്ള തിരഞ്ഞെടുപ്പിൽ നോട്ട രേഖപ്പെടുത്താൻ സാധിക്കുകയില്ല. എന്നാൽ ഒരുസമ്മതിദായകന് ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഏതെങ്കിലും ഒരുതലത്തിൽ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് തീരുമാനിച്ചാൽ അയാൾക്ക് താത്പര്യമുള്ള തലത്തിലെ വോട്ട് മാത്രം രേഖപ്പെടുത്തിയശേഷം അവസാന ബാലറ്റിലെ 'എൻഡ്' ബട്ടൺ പ്രസ് ചെയ്ത് വോട്ടിംഗ് അവസാനിപ്പിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം.
ആകെ വോട്ടർമാർ : 36,18,851
പുരുഷൻമാർ : 17,40,280
സ്ത്രീകൾ : 18,78,520
ട്രാൻസ്ജൻഡർ : 51
ഗ്രാമപഞ്ചായത്ത്: 94
വോട്ടർമാർ: 29,91,292
പുരുഷൻ : 14,38,848
സ്ത്രീകൾ: 15,52,408
ട്രൻസ്‌ജെൻഡർ: 36
നഗരസഭ : 12
വോട്ടർമാർ : 6,27,559
പുരുഷൻ : 3,01,432
സ്ത്രീകൾ: 3,26,112
ട്രൻസ്‌ജെൻഡർ : 15
പ്രവാസി വോട്ടർമാർ
ആകെ: 2,789
122 തദ്ദേശ സ്ഥാപനങ്ങൾ
ആകെ വാർഡുകൾ: 2,789
സ്ഥാനാർത്ഥികൾ: 8,381
പുരുഷന്മാർ: 4,363
സ്ത്രീകൾ: 4,018
ഗ്രാമപഞ്ചായത്ത്
ആകെ വാർഡ്: 2,001
സ്ഥാനാർത്ഥികൾ: 6,002 പേർ
സ്ത്രീകൾ: 2,887
പുരുഷൻമാർ: 3,115
ബ്ലോക്ക് പഞ്ചായത്ത്
ആകെ ഡിവിഷൻ: 250
സ്ഥാനാർത്ഥികൾ: 819
സ്ത്രീകൾ: 383
പുരുഷൻമാർ: 436
നഗരസഭ
ആകെ ഡിവിഷനുകൾ: 505
സ്ഥാനാർത്ഥികൾ: 1,434
സ്ത്രീകൾ: 693
പുരുഷന്മാർ: 741
പോളിംഗ് സ്റ്റേഷനുകൾ: 4,343
ഗ്രാമപഞ്ചായത്ത് തലം: 3,777
മുൻസിപ്പാലിറ്റി : 566