തിരുവനന്തപുരം 67. 42%
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ 67.42% പോളിംഗ്. തിരുവല്ലത്ത് ഒരു വോട്ടർ കുഴഞ്ഞു വീണു മരിച്ചു. കോർപ്പറേഷനിലെ വഞ്ചിയൂർ വാർഡ് രണ്ടാം ബൂത്തിൽ കള്ളവോട്ടിനെ ചൊല്ലി സംഘർഷമുണ്ടായി. പുതിയതുറയിൽ വോട്ടെടുപ്പിനിടെയുണ്ടായ അക്രമത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പോളിംഗ് 58.24%. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 59.96 ശതമാനമായിരുന്നു. ജില്ലയിൽ ആകെ 29,12,773 വോട്ടർമാരിൽ 19,63,684 പേർ വോട്ടു ചെയ്തു. മുനിസിപ്പാലിറ്റികളിലെ വോട്ടിംഗ് ശതമാനം. ആറ്റിങ്ങൽ- 68.87%, നെടുമങ്ങാട്- 70.28%, വർക്കല-66.39%, നെയ്യാറ്റിൻകര- 70.36%.
കൊല്ലം 70.36 %
കൊല്ലം: കൊല്ലം ജില്ലയിൽ 70.36% പോളിംഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 73.8%. അങ്ങിങ്ങുണ്ടായ നേരിയ സംഘർഷം ഒഴിച്ചാൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. കൊല്ലം കോർപ്പറേഷനിൽ 66.26 ശതമാനം. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ മാത്രമാണ് 70 ശതമാനം കടന്നത്. മറ്റ് മൂന്ന് മുനിസിപ്പാലിറ്റികളിലും ഇതിൽ താഴെയാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടിടത്ത് പോളിംഗ് ശതമാനം എഴുപത് കടന്നു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലാണ് ജില്ലയിലെ ഏറ്റവും ഉയർന്ന പോളിംഗ് നിരക്ക്. 74.41 ശതമാനം. അൻപതോളം ബൂത്തുകളിൽ പോളിംഗ് യന്ത്രങ്ങൾ പണിമുടക്കി.
ആലപ്പുഴ 73.76%
ആലപ്പുഴ: കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കുറവ്. അന്ന് 77.32%. മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ബി.എസ്.പി സ്ഥാനാർത്ഥിയുടെ പേരിനു നേരെയുള്ള വോട്ടിംഗ് ബട്ടൺ പ്രവർത്തിക്കാത്തതു കാരണം വോട്ടെടുപ്പ് മുടങ്ങി. ഇതിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥി ഷൈലജ എസ്. പൂഞ്ഞിലി വൈകിട്ടു വരെ ബൂത്തിൽ കുത്തിയിരുന്നു. ഈ ബൂത്തിൽ നാളെ റീ പോളിംഗ് നടത്തും. 1077 വോട്ടുകൾ ഉള്ള ബൂത്തിൽ 621 വോട്ടുകൾ പോൾ ചെയ്ത ശേഷമായിരുന്നു വോട്ടിംഗ് യന്ത്രത്തിലെ തകരാറ് തിരിച്ചറിഞ്ഞത്.
കോട്ടയം 70.94%
കോട്ടയം: ജില്ലയിൽ ആകെയുള്ള 16,41,176 വോട്ടർമാരിൽ 11,63,803 പേർ വോട്ട് രേഖപ്പെടുത്തി. ഇവരിൽ 5,89,243 സ്ത്രീകൾ. 5,74,556 പുരുഷന്മാർ. നാലു ട്രാൻസ്ജെൻഡേഴ്സ്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ 7.55 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്കു രണ്ടുമണിയോടെ 50 ശതമാനം കടന്നു. പോളിംഗ് സമയം അവസാനിച്ച ആറു മണിക്ക് 70 ശതമാനം പിന്നിട്ടു. നഗരസഭകളിൽ ഈരാറ്റുപേട്ടയിലാണ് ഏറ്റവും കൂടുതൽ പോളിംഗ്- 85.71 ശതമാനം. കുറവ് ചങ്ങനാശേരിയിൽ- 68.08 ശതമാനം.
പത്തനംതിട്ട 66.78%
പത്തനംതിട്ട: ജില്ലയിൽ 66.78 ശതമാനം പോളിംഗ്. 10,62,756 വോട്ടർമാരിൽ 7,09, 695 പേർ വോട്ടുചെയ്തു. അങ്ങിങ്ങ് ചില തർക്കങ്ങളുണ്ടായത് മാറ്റിനിറുത്തിയാൽ പോളിംഗ് സമാധാനപരം. വോട്ടിംഗ് യന്ത്രങ്ങൾ തുടക്കത്തിൽ പണിമുടക്കിയത് മൂലം ചില ബൂത്തുകളിൽ ഒന്നര മണിക്കൂർ വരെ പോളിംഗ് നിറുത്തിവയ്ക്കേണ്ടി വന്നു.
ഇടുക്കി 71.77%
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ രേഖപ്പെടുത്തിയത് 71.77 ശതമാനം പോളിംഗ്. പോസ്റ്റൽ വോട്ടുകളും അവസാന കണക്കുകളും വരുമ്പോൾ വോട്ടിംഗ് ശതമാനം ഉയർന്നേക്കും. എങ്കിലും 2020ലെ തദ്ദേശതിരഞ്ഞെടുപ്പിലെ പോളിംഗ് പരിശോധിക്കുമ്പോൾ രണ്ട് ശതമാനത്തോളം കുറവാണ് ഇത്തവണയുണ്ടായത്. വോട്ടെടുപ്പിനിടെ വട്ടവടയിൽ എൽ.ഡി.എഫ് പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരെ മർദ്ദിച്ചു. ഇവിടെ ഇന്ന് ഹർത്താലിന് ബി. ജെ.പി ആഹ്വാനം നൽകിയിട്ടുണ്ട്.
എറണാകുളം 74.58%
കൊച്ചി: 74.58 ശതമാനം പോളിംഗുമായി എറണാകുളം ജില്ല ഒന്നാമതെത്തി. 2020ൽ 77.28 ശതമാനമായിരുന്നു. പുരുഷ വോട്ടർമാരിൽ 75.88 ശതമാനവും സത്രീ വോട്ടർമാരിൽ 73.38 ശതമാനവും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 37.5 ശതമാനവും വോട്ട് രേഖപ്പെടുത്തി കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊച്ചി കോർപ്പറേഷനിൽ 62.52% പോളിംഗ് രേഖപ്പെടുത്തി.നഗരസഭകളിൽ മൂവാറ്റുപുഴയാണ് പോളിംഗിൽ മുന്നിൽ - 80.03%. തൃക്കാക്കരയാണ് പിന്നിൽ - 68.58%.