സ്വർണപ്പാളി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല: വെള്ളാപ്പള്ളി
ചേർത്തല: ശബരിമല സ്വർണപ്പാളി വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് ഹൈസ്‌കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പമെത്തി വോട്ടുചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിലും വലിയ വിഷയമായ ശബരിമല സ്ത്രീപ്രവേശന വിവാദത്തിന്ശേഷമുള്ള നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം സീറ്റുകൾ തൂത്തുവാരി. കടം വാങ്ങിയടക്കം സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ പ്രചരിപ്പിക്കാൻ പൂർണമായി സർക്കാരിന് കഴിഞ്ഞിട്ടില്ലെങ്കിലും ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടാകും. പോളിംഗ് കൂടുന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യക്തിബന്ധങ്ങൾക്ക് പ്രധാന്യം നൽകും. ഭാര്യ പ്രീതി നടേശൻ,മകനും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി,മകൾ വന്ദന ശ്രീകുമാർ,മരുമകൾ ആശ തുഷാർ,ചെറുമകൻ ദേവ് തുഷാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.