സ്ട്രെച്ചറിൽ വോട്ടിട്ട് സോമരാജൻ
പത്തനംതിട്ട: അപകടത്തിൽ ശരീരം തളർന്നെങ്കിലും വോട്ടിടാനുള്ള ആവേശത്തിൽ സോമരാജൻ പോളിംഗ് ബൂത്തിലെത്തിയത് സ്ട്രെച്ചറിൽ. കിടപ്പുരോഗിയായ സോമരാജൻ പത്തനംതിട്ട നഗരസഭ മൈലാടുപാറ വാർഡിലെ വോട്ടറാണ്. നിരവേൽപുത്തൻവീട്ടിൽ നിന്ന് ആംബുലൻസിലാണ് മൈലാടുപാറ എസ്.എൻ.വി സ്കൂളിലെ ബൂത്തിലെത്തിച്ചത്. തുടർന്ന് സ്ട്രെച്ചർ ഉരുട്ടി ബൂത്തിലെത്തിക്കാൻ ഭാര്യ പങ്കജവല്ലിക്കൊപ്പം സ്ഥാനാർത്ഥികളും കൂടി.
ശരീരവും വിരലുകളും അനക്കാനാവില്ല. പോളിംഗ് ഓഫീസർ ഒപ്പിന്റെ സ്ഥാനത്ത് സോമരാജന്റെ വിരലടയാളം പതിച്ചു. ഇടതുവിരലിൽ മഷിപുരട്ടി. സോമരാജനു വേണ്ടി ഭാര്യ പങ്കജവല്ലി വോട്ടുചെയ്തു. അവശതയുണ്ടെങ്കിലും വോട്ടിടണമെന്ന നിലപാടിലുറച്ചാണ് എത്തിയതെന്ന് സോമരാജൻ പറഞ്ഞു.
സി.പി.എം പ്രവർത്തകനും സി.ഐ.ടി.യു അംഗവുമായിരുന്ന സോമരാജൻ കുമ്പഴ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. സുഹൃത്ത് സുഗുണകുമാർ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്. കഴിഞ്ഞ വർഷം ജനുവരി പതിനാലിന് രാത്രി ഏഴരയോടെ വീട്ടിലേക്ക് പോകുമ്പോൾ നിയന്ത്രണം വിട്ടുവന്ന ബൈക്ക് ഇടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.