ആശങ്ക അകലാതെ ഐ.എസ്.എൽ

Wednesday 10 December 2025 2:24 AM IST

ന്യൂഡൽഹി : ഐ.എസ്.എൽ ഫുട്ബോളിന്റെ സ്പോൺസർമാരായ എഫ്.എസ്.ഡി.എല്ലുമായി (ഫുട്‌ബോൾ സ്‌പോർട്‌സ് ഡവലപ്മെന്റ് ലിമിറ്റഡ്) ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ കരാർ കാലാവധി അവസാനിച്ചു. ഇതിന് പിന്നാലെ പുതിയ സ്പോൺസർമാരെ കണ്ടെത്താത്തതിനാൽ തുടരുന്ന അനിശ്ചിതത്വം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 13 ക്ലബ്ബുകൾ ഫെഡറേഷന് വീണ്ടും കത്തുനൽകി. ഈ നിലയിൽ മുന്നോട്ടുപോകാനാവില്ലെന്നാണു കത്തിലെ ഉള്ളടക്കം. ഇതു കേന്ദ്ര കായികമന്ത്രാലയത്തിനു കൈമാറിയെന്ന് എ.ഐ.എഫ്‌.എഫ്‌ വൃത്തങ്ങൾ അറിയിച്ചു.

ഭൂരിഭാഗം ക്ലബ്ബുകളും കളിക്കാർക്കും മറ്റംഗങ്ങൾക്കും ശമ്പളം നൽകുന്നുണ്ട്‌. കരാർ കുടിശികയും തീർത്തു. പരസ്‌പര വിശ്വാസത്തോടെയാണ്‌ മുന്നോട്ടുപോകുന്നത്‌. എന്നാൽ പുതിയ സാഹചര്യത്തിൽ ഇ‍ൗ നിലയിൽ പോകുക അസാധ്യമാണ്‌. കഴിഞ്ഞ 11 വർഷമായി ഇന്ത്യയിൽ ഫുട്‌ബാൾ വികസനത്തിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്‌.

സാമ്പത്തിക നഷ്ടത്തിനിടയിലും പിടിച്ചുനിന്നു. എന്നാൽ മുഖ്യ സ്‌പോൺസർഷിപ്പ് നിലച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി. ഇതോടെ ഒരു വരുമാനവുമില്ലാത്ത അവസ്ഥയായെന്നും ക്ലബ്ബുകൾ കത്തിൽ പറയുന്നു. ഈമാസം 20നാണ് ഫെഡറേഷന്റെ വാർഷിക ജനറൽ ബോഡി യോഗം.