വോട്ടുപിടിക്കാൻ സിപിഎം മദ്യം വിതരണം ചെയ്തെന്ന് പരാതി; വയനാട് തോൽപ്പെട്ടിയിൽ സംഘർഷാവസ്ഥ
Wednesday 10 December 2025 7:04 AM IST
കൽപറ്റ: വയനാട് തോൽപ്പെട്ടിയിൽ വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി. സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയിൽ മദ്യം വിതരണം ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. പൊലീസെത്തി മൂന്ന് സിപിഎം പ്രവർത്തകരെ പിടികൂടിയെങ്കിലും മറ്റ് പ്രവർത്തകർ ചേർന്ന് ഇവരെ മോചിപ്പിച്ചെന്നാണ് വിവരം. ഇത് പ്രദേശത്ത് സംഘർഷാവസ്ഥാ സൃഷ്ടിച്ചു.
പിന്നീട് സ്ഥലത്ത് തമ്പടിച്ച ഇരുഭാഗം പാർട്ടി പ്രവർത്തകരെയും പൊലീസ് ഇടപ്പെട്ട് പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. സ്ഥലത്ത് ഏഴ് മണിക്ക് ശേഷം എത്തരുതെന്നായിരുന്നു പൊലീസ് നിർദേശം. എന്നാൽ ഒരു വിഭാഗം സിപിഎം പ്രവർത്തകരും സ്ഥാനാർത്ഥിയും രാത്രി എത്തിയിരുന്നു. ഇത് യുഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു. സംഘർഷാവസ്ഥ ഉണ്ടായതോടെ പൊലീസെത്തി തടയുകയായിരുന്നു. നിലവിൽ കനത്ത പൊലീസ് സുരക്ഷ ഇവിടെ ഒരുക്കിയിട്ടുണ്ട്.