19കാരിയുടെ ദുരൂഹ മരണം; ആൺസുഹൃത്ത് കസ്റ്റഡിയിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Wednesday 10 December 2025 8:01 AM IST

കൊച്ചി: രണ്ട് ദിവസം മുൻപ് കാണാതായ 19കാരി മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അലനെയാണ് കസ്റ്റഡിയിലെടുത്തത്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) ആണ് മരിച്ചത്. ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിയാണ് ചിത്രപ്രിയ. കഴിഞ്ഞ ശനിയാഴ്‌ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു.

ഞായറാഴ്ച രാത്രി ചിത്രപ്രിയ ഒരാൾക്കൊപ്പം ബെെക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്യും. അമ്മ ഷിനി ജോലിചെയ്യുന്ന കാറ്ററിംഗ് സ്ഥാപനത്തിലെ സഹപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പരിക്കുകളുമുണ്ട്. മലയാറ്റൂർ മണപ്പാട്ട് ചിറയ്‌ക്കടുത്ത് സെബിയൂർ റോഡിനടുത്തെ വിജനമായ റബർതോട്ടത്തിലാണ് മൃതദേഹം കണ്ടത്.

ജീൻസും ടോപ്പുമാണ് വേഷം. കൈകാലുകൾക്ക് പരിക്കുണ്ട്. കുട്ടിയുടെ തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇത് കല്ലോ മറ്റ് ആയുധങ്ങളോ കൊണ്ടുണ്ടായ മുറിവാണെന്നാണ് പൊലീസ് നിഗമനം.കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. ശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കിൽ ചിത്രപ്രിയയും ഷിനിയും എത്തിയിരുന്നു. താലപ്പൊലിയിലും പങ്കെടുത്തു. 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി. ചിത്രപ്രിയ വീട്ടിലെത്തിയില്ല. ആൺസുഹൃത്തിനൊപ്പം ബൈക്കിൽ കയറി പോയതായാണ് സൂചന. പെൺകുട്ടിയുടെ മൊബൈൽ ഫോണും പരിശോധനാ വിധേയമാക്കുന്നുണ്ട്. വനംവകുപ്പിൽ താത്കാലിക ഫയർ വാച്ചറാണ് പിതാവ് ഷൈജു. സഹോദരൻ: അഭിജിത്ത്.