വിസി നിയമനം; അനുനയനീക്കവുമായി സർക്കാർ, മന്ത്രിമാർ ഗവർണറെ കാണാൻ ലോക്‌ഭവനിലെത്തി

Wednesday 10 December 2025 9:44 AM IST

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കാണാൻ മന്ത്രിമാർ ലോക്ഭവനിലെത്തി. മന്ത്രിമാരായ ആർ ബിന്ദുവും പി രാജീവുമാണ് ലോക്ഭവനിലേക്ക് എത്തിയത്. നാളെ വിഷയം സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രിമാർ ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുന്നത്.

വിഷയത്തിൽ ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ അനുനയത്തിലെത്തിയില്ലെങ്കിൽ വിസിമാരെ കോടതി തീരുമാനിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അനുനയനീക്കവുമായി മന്ത്രിമാർ ലോക്‌ഭവനിലെത്തിയത്. ഒത്തുതീർപ്പ് ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

മുഖ്യമന്ത്രി കടുത്ത എതിർപ്പ് ഉന്നയിക്കുന്ന ഡോ. സിസ തോമസിനെ സാങ്കേതിക സർവകലാശാല വി സിയായി ഗവർണർ ശുപാർശ ചെയ്‌തിരുന്നു. കൂടാതെ ഡോ. പ്രിയ ചന്ദ്രനെ ഡിജിറ്റൽ സർവകലാശാല വി സിയായും ശുപാർശ ചെയ്‌തിട്ടുണ്ട്. സത്യവാങ്മൂലവും നേരത്തെ സമർപ്പിച്ചിരുന്നു.

ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥിന്റെയും സാങ്കേതിക സർവകലാശാല വിസിയായി ഡോ.സി സതീഷ് കുമാറിന്റെയും പേരിനാണ് മുഖ്യമന്ത്രി ആദ്യ പരിഗണന നൽകിയത്. ഇരുസർവകലാശാലകളിലെയും വി.സി നിയമനത്തിനായി റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായി രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. അവർ നൽകിയ പട്ടികയിൽ നിന്നുള്ള പേരുകളിലാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലടിക്കുന്നത്. സിസയെ ശുപാർശ ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി ഒക്ടോബർ 14ന് ഗവർണർക്ക് കൈമാറിയ ഫയലിൽ വ്യക്തമാക്കിയിരുന്നു.