യാത്രക്കാർക്ക് സന്തോഷവാർത്ത, ഫെബ്രുവരി മുതൽ ട്രെയിനുകളിൽ വമ്പൻ മാറ്റം, വലിയൊരു പ്രശ്നത്തിന് പരിഹാരം
കൊച്ചി: യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിക്കുന്ന ആയിരക്കണക്കിനാളുകൾ നമ്മുടെ സംസ്ഥാനത്തുണ്ട്. എന്നാൽ യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് വൃത്തിഹീനമായ കോച്ചുകൾ. ഈ പ്രശ്നത്തിനുള്ള പരിഹാരം വരാൻ പോകുകയാണ്.
ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റി എൽഎച്ച്ബി കോച്ചുകളാക്കാൻ അനുമതി നൽകിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ. അടുത്ത ഫെബ്രുവരി മുതലാണ് കോച്ചുകളിൽ മാറ്റമുണ്ടാകുക. മംഗളൂരു സെൻട്രൽ - ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് ട്രെയിൻ ഫെബ്രുവരി ഒന്നിന് പുതിയ കോച്ചിലേക്ക് മാറും, ചെന്നൈ - മംഗളൂരു, മംഗളൂരു - ചെന്നൈ മെയിൽ അടക്കമുള്ള മറ്റ് ചില ട്രെയിനുകളിലും തൊട്ടടുത്ത ദിവസങ്ങളിൽ ഇതേ രീതിയിൽ മാറ്റമുണ്ടാകും. പല ട്രെയിനുകളിലെയും ജനലുകൾ തുരുമ്പുപിടിച്ച നിലയിലാണ്. ശുചിമുറിയും അതിനോട് ചേർന്നുള്ള വാഷ്‌ബേസിൻ എല്ലാം പരിതാപകരമായ അവസ്ഥയിലാണ്. ഇതുമൂലം യാത്രക്കാർ ഏറെ ദുരിതത്തിലാണ്. എൽഎച്ച്ബിയിലേക്ക് മാറുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നാണ് സൂചന. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാവുന്ന ശേഷി പുതിയ കോച്ചുകൾക്കുണ്ടാകും.