'അടൂർ പ്രകാശിന്റെ വാക്കുകൾ രാഷ്‌ട്രീയ എതിരാളികൾക്ക് ആയുധം കൊടുത്തപോലെ'; വിമർശിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: ദിലീപ് അനുകൂല പ്രസ്‌താവനയിൽ അടൂർ പ്രകാശിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ഒരാളിൽ നിന്ന് ഇത്തരം പ്രസ്‌താവന വരുന്നത് ശരിയല്ല. പ്രത്യേകിച്ച് പോളിംഗ് ദിവസം ഇങ്ങനെ പറയുന്നത് രാഷ്‌ട്രീയ എതിരാളികൾക്ക് ആയുധം കയ്യിൽ കൊടുക്കുന്നത് പോലെയാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
'അടൂർ പ്രകാശിന്റെ പ്രസ്‌താവന വളരെ നിരുത്തരവാദപരമായി. കാരണം പാർട്ടി നിലപാട് വിധി വന്നയുടൻ തന്നെ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചതാണ്. പാർട്ടിയുടെ നയത്തിനെതിരായ പ്രസ്‌താവനയാണ് അടൂർ പ്രകാശിന്റെ ഭാഗത്ത് നിന്നും ഇന്നലെ ഉണ്ടായത്. ഇതൊന്നും പറഞ്ഞ് മനസിലാക്കികൊടുക്കേണ്ട കാര്യമില്ല. പത്തമ്പത് വർഷത്തെ രാഷ്‌ട്രീയ പാരമ്പര്യം ഉള്ള വ്യക്തിയാണ് അദ്ദേഹം. അങ്ങനെയൊരാൾ ഇത്തരമൊരു പ്രസ്‌താവന പോളിംഗ് ദിവസം നടത്തിയത് എന്തിനാണെന്നറിയില്ല.
ഇത് സമൂഹത്തിൽ വളരെയധികം പ്രയാസങ്ങളുണ്ടാക്കി. രാഷ്‌ട്രീയ എതിരാളികൾക്കൊരു ആയുധം കയ്യിൽ കൊടുക്കുന്ന രീതിയിലായി. പക്ഷേ ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഇന്നലെ പോളിംഗ് ബൂത്തിലേക്ക് പോയവരെല്ലാം ഉറച്ച തീരുമാനത്തോടെയാണ് പോയത്. അതിനെ മാറ്റാനുള്ള ശക്തി ഈ പ്രസ്‌താവനയ്‌ക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതൊരു വ്യക്തിയുടെ അഭിപ്രായമായിട്ടേ ജനം കണക്കാക്കുകയുള്ളു. പക്ഷേ, അദ്ദേഹം അത് ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് പാർട്ടിയുടെ അഭിപ്രായം' - കെ മുരളീധരൻ പറഞ്ഞു.