ട്രെയിനിൽ ഉറങ്ങിക്കിടന്ന കുട്ടിയെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്‌

Wednesday 10 December 2025 11:13 AM IST

ഭോപ്പാൽ: ട്രെയിനുകളിൽ നിന്നുള്ള പല തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ആളുകളുടെ ഉറക്കം കെടുത്തുന്ന ട്രെയിനിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

തിരക്കേറിയ ഒരു ട്രെയിനിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിക്ക് മുകളിൽ കൂറ്റൻ പെരുമ്പാമ്പ് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബെർത്തിൽ സൂക്ഷിച്ചിരിക്കുന്ന ബാഗുകൾക്കിടയിൽ നിന്നാണ് പെരുമ്പാമ്പ് താഴേക്ക് വരുന്നത്. പാമ്പിനെ കണ്ടതും യാത്രക്കാർ നിലവിളിച്ചു. മദ്ധ്യപ്രദേശിൽ നിന്നുള്ള വീഡിയോയെന്നാണ് ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തയാൾ അവകാശപ്പെടുന്നത്.

'ട്രെയിനിലെ ഒരു പേടിസ്വപ്നം' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വളരെപ്പെട്ടെന്നുതന്നെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. ട്രെയിനിലെ സുരക്ഷയെപ്പറ്റി ആശങ്കയറിയിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് വ്യാജ വീഡിയോയാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. 'വീഡിയോ വ്യാജമാണ്. ട്രെയിനിലെ ഇരിപ്പിടങ്ങൾ ഇങ്ങനെയല്ല. പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ട്. അതിനാൽത്തന്നെ ഇത് വ്യാജ വീഡിയോയാണ്. വിശ്വസിക്കരുത്.'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.