അനുനയ നീക്കം പാളി; വി സി നിയമനത്തിൽ നിലപാടിലുറച്ച് ഗവർണർ, മുഖ്യമന്ത്രി നേരിട്ട് എത്താത്തതിന്റെ കാരണവും തിരക്കി

Wednesday 10 December 2025 11:30 AM IST

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമന തർക്കത്തിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും ഗവർണറെ ലോക്‌ഭവനിലെത്തി കണ്ടെങ്കിലും താൻ നിശ്ചയിച്ചവർ യോഗ്യരെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. ചർച്ചയ്‌ക്ക് മുഖ്യമന്ത്രി എത്താത്തത് എന്തുകൊണ്ടാണെന്നും ഗവർണർ മന്ത്രിമാരോട് ചോദിച്ചു.

സുപ്രീം കോടതി നിർദേശപ്രകാരമാണ് സർക്കാർ ഗവർണറുമായി അനുനയ ചർച്ച നടത്തിയത്. സംസ്ഥാനവും ഗവർണറും തമ്മിൽ സമവായത്തിലെത്തിയില്ലെങ്കിൽ സുപ്രീം കോടതി തന്നെ വി സിമാരെ നേരിട്ട് നിർദേശിക്കുമെന്ന കർശന താക്കീത് നൽകിയിരുന്നു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡിജിറ്റൽ - സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനത്തിനായി റിട്ടയേർഡ് സുപ്രീം കോടതി ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായി രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. അവർ നൽകിയ പട്ടികയിൽ നിന്നുള്ള പേരുകളിലാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലടിക്കുന്നത്. ഡിജിറ്റൽ സർവകലാശാല വിസി സ്ഥാനത്തേക്ക് മുഖ്യമന്ത്രി കൈമാറിയ പട്ടികയിൽ ഡോ. ജിൻ ജോസ്, ഡോ. പ്രിയ ചന്ദ്രൻ എന്നിവർക്ക് മൂന്നും നാലും സ്ഥാനമാണ്. സാങ്കേതിക സർവകലാശാല വി.സിയായി ഡോ. ജി ആർ ബിന്ദു, ഡോ. പ്രിയ ചന്ദ്രൻ എന്നിവരുടെ പേരുകൾ രണ്ടും മൂന്നും സ്ഥാനത്ത് മുഖ്യമന്ത്രി ഉൾപ്പെടുത്തി. എന്നാൽ, ഗവർണർ ചൂണ്ടിക്കാട്ടിയത് ഡോ. സിസ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു. ഇതാണ് തർക്കത്തിന് കാരണമായത്.