അതിജീവിതയെ അപമാനിച്ച കേസ്; സന്ദീപ് വാര്യർക്ക് താൽക്കാലിക ആശ്വാസം, ഉടൻ അറസ്റ്റുണ്ടാവില്ല
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സമൂഹമാദ്ധ്യമത്തിൽ അപമാനിച്ച കേസിൽ സന്ദിപ് വാര്യർക്ക് താൽക്കാലിക ആശ്വാസം. പൊലീസ് റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ഉണ്ടാവില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.
അതിജീവിതയെ പൊതു സമൂഹത്തിൽ പരിചയ പ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളത്. ഇതേ കേസിൽ അഞ്ചാം പ്രതി രാഹുൽ ഈശ്വറിന്റെ ജാമ്യ ഹർജി കഴിഞ്ഞ ശനിയാഴ്ച അഡിഷണൽ ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
തനിക്കെതിരെ ഉയർന്നുവന്ന സൈബർ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇ മെയിലിലൂടെയാണ് പരാതി അയച്ചത്. യുവതിയുടെ വിവാഹദിവസമാണ് അവര്‍ക്കൊപ്പം നിന്ന് ചിത്രം എടുത്തത്. ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച സമയത്ത് രാഹുലിനെതിരെ യുവതി പരാതി നല്‍കിയിരുന്നില്ല. യുവതിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ അത് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തുവെന്നും സന്ദീപ് വാര്യര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.