നടിയെ ആക്രമിച്ച കേസ്; സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം, പ്രതികൾക്ക് ജീവപര്യന്തം ലഭിക്കണമെന്ന് പ്രോസിക്യൂഷൻ

Wednesday 10 December 2025 12:52 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടാനൊരുങ്ങി പ്രോസിക്യൂഷൻ. ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് കോടതിയോട് ആവശ്യപ്പെടും. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെള്ളിയാഴ്‌ച കോടതി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.

എല്ലാവർക്കുമെതിരെ ബലാത്സംഗക്കുറ്റം തെളിഞ്ഞിട്ടുണ്ട്. കൃത്യത്തിന്റെ ഗ്രാവിറ്റി നോക്കി ശിക്ഷ വിധിക്കരുത്, എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. സമൂഹത്തിന് മുഴുവൻ ഭീഷണിയാകുന്നതാണ് പ്രതികളുടെ പശ്ചാത്തലം. മുമ്പും പ്രതികൾ സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. എന്നാൽ, പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടുകൊണ്ടായിരിക്കും പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെടുക.

കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്. ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാത്സംഗം ചെയ്യിപ്പിച്ചെന്ന കേസിൽ ദിലീപ് കുറ്റവിമുക്തൻ എന്നാണ് കോടതി വിധി. നടിയെ ആക്രമിച്ച സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ വെറുതേവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ആണ് കേസിൽ വിധി പറഞ്ഞത്.