ഉള്ളിക്ക് ഇങ്ങനെയും ഒരു ഗുണമുണ്ടോ? ഇതുവരെ കേൾക്കാത്ത ടിപ്സ് പറഞ്ഞ് യുവാവ്
ഉള്ളിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ നമ്മളൊന്നും ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ഗുണം ഉള്ളിയ്ക്കുണ്ടെന്ന് അവകാശപ്പെടുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കാലിൽ ഉള്ളി കെട്ടിവച്ച് കിടന്നുറങ്ങുകയെന്നതാണ് പുതിയ പ്രചരണം.
ശരീരം മുഴുവൻ വിഷവിമുക്തമാക്കാൻ ഉള്ളി സാഹായിക്കുമെന്നാണ് വീഡിയോയിൽ യുവാവ് അവകാശപ്പെടുന്നത്. ഉറങ്ങുമ്പോൾ ഉള്ളങ്കാൽ ഭാഗത്ത് ഉള്ളിവച്ച് കെട്ടുകയാണ് യുവാവ് ചെയ്യുന്നത്. യുവാവിന്റെ അവകാശവാദത്തിൽ വല്ല സത്യവും ഉണ്ടോ?
നാഷണൽ ഒനിയൻ അസോസിയേഷൻ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. മുറിച്ച ഉള്ളിക്ക് വായുവിൽ നിന്നുള്ള അണുക്കൾ, വിഷവസ്തുക്കൾ അല്ലെങ്കിൽ മാലിന്യങ്ങൾ ആഗിരണം ചെയ്യാൻ കഴിയുമെന്ന വാദത്തിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നാണ് അസോസിയേഷൻ പറയുന്നത്.
ഉള്ളിയിൽ ആന്റിഓക്സിഡന്റുകൾ, സൾഫർ തുടങ്ങിയ ഗുണകരമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ അവ ചർമ്മത്തിൽ വയ്ക്കുന്നത് വിഷവിമുക്തമാക്കുന്നതോ വീക്കം തടയുന്നതോ ആയ ഗുണങ്ങൾ നൽകില്ലെന്നും നാഷണൽ ഒനിയൻ അസോസിയേഷൻ വ്യക്തമാക്കി.
'കാലിൽ ഉള്ളി വയ്ക്കുന്നത് വിഷവസ്തുക്കളെ വലിച്ചെടുക്കുമെന്നോ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ സ്വാധീനിക്കുമെന്നോ ഉള്ള ആശയത്തെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.'- ഡോ. ജഗദീഷ് ഹിരേമത്ത് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.