'എനിക്ക് വേറെ പണിയില്ലേയെന്ന് ചിലർ ചോദിക്കാറുണ്ട്, അതൊരു ഡ്രാമയല്ല'; ബിഗ്ബോസിന്റെ സത്യാവസ്ഥയെക്കുറിച്ച് മോഹൻലാൽ

Wednesday 10 December 2025 3:25 PM IST

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗുള്ള ടെലിവിഷൻ പരിപാടിയാണ് ബിഗ്ബോസ്. മോഹൻലാൽ അവതാരകനായെത്തുന്ന പരിപാടിയുടെ ഏഴാം സീസൺ അടുത്തിടെയാണ് അവസാനിച്ചത്. ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളിലും ബിഗ്ബോസ് സംപ്രേഷണം ചെയ്യുന്നുണ്ട്. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, വിജയ് സേതുപതി, കമലഹാസൻ, നാഗചൈതന്യ ഉൾപ്പടെയുള്ള സൂപ്പർസ്റ്റാറുകളാണ് വിവിധ ഭാഷകളിൽ ബിഗ്ബോസിന്റെ അവതാരകൻമാരായി എത്തുന്നത്. ഇപ്പോഴിതാ നാഗചൈതന്യയും വിജയ് സേതുപതിയുമുണ്ടായിരുന്ന പരിപാടിയിൽ മോഹൻലാൽ ബിഗ്ബോസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ബിഗ്ബോസ് പോലുള്ള ഒരു പരിപാടിയിൽ എന്തിനാണ് നിൽക്കുന്നതെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തി. ഈ പരിപാടിയെക്കുറിച്ച് ചിലർക്ക് തെറ്റായ ചിന്തയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മലയാളത്തിൽ ബിഗ്‌ബോസിന്റെ ഏഴ് സീസണുകൾ ഞാൻ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ബിഗ്‌ബോസ് മലയാളത്തിൽ ഏ​റ്റവും വലിയ റേ​റ്റിംഗുള്ള ടെലിവിഷൻ പരിപാടിയാണ്. എന്തുകൊണ്ടാണ് ബിഗ്‌ബോസ് റേ​റ്റിംഗിൽ ഒന്നാംസ്ഥാനത്ത് വരുന്നതെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാകാം. ബിഗ്‌ബോസ് ഒരു ഡ്രാമയല്ല. പോസി​റ്റീവ് ചിന്ത തരുന്ന ഒരു പരിപാടിയാണ്.

വിവിധ തരത്തിലുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും ഉള്ള പരിപാടിയാണ് ബിഗ്ബോസ്. എല്ലാവർക്കും വിനോദത്തിനും ചിന്തിക്കാനുമുള്ള പരിപാടിയാണ് ബിഗ്‌ബോസെന്ന് ഞാൻ തെളിയിച്ചതാണ്. പല മേഖലയിൽ നിന്നുള്ളവരാണ് ബിഗ്‌ബോസിൽ ഒരുമിക്കുന്നത്. ഇതിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ ഭാഗ്യമാണ്. ആദ്യം ബിഗ്‌ബോസ് ചെയ്യാൻ എനിക്ക് മടിയായിരുന്നു. ഇപ്പോൾ എന്റെയൊരു അഡിക്ഷൻ പോലെയാണ് ബിഗ്‌ബോസ്. പരിപാടി കാണുന്നവർക്കാണ് ആദ്യം നന്ദി അറിയിക്കേണ്ടത്. ലാലിന് വേറെ ജോലിയില്ലേയെന്ന് മിക്കവരും എന്നോട് ചോദിക്കാറുണ്ട്. ബിഗ്‌ബോസിൽ നിന്ന് എനിക്കൊരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഇതൊരു തിരക്കഥയുള്ള പരിപാടിയാണെന്ന് പലരും പറയും. സത്യം പറഞ്ഞാൽ അങ്ങനെയൊന്നുമല്ല. ബിഗ്‌ബോസിൽ പങ്കെടുക്കുന്നത് എളുപ്പമുള്ള കാര്യമല്ല'- മോഹൻലാൽ പറഞ്ഞു.