'ശ്രീരാമന്റെ സൈനികർ ആയുധങ്ങൾ സൂക്ഷിച്ച അസ്‌ത്രാലയം ആണ് ഓസ്‌‌ട്രേലിയ ആയി മാറിയത്'

Wednesday 10 December 2025 4:56 PM IST

ഭോപ്പാൽ: ശ്രീരാമന്റെ അസ്‌ത്രാലയം ആണ് ഓസ്‌ട്രേലിയ ആയതെന്ന അവകാശവാദവുമായി സമൂഹമാദ്ധ്യമങ്ങളിൽ 'പൂക്കി ബാബ' എന്നറിയപ്പെടുന്ന ആൾദൈവം അനിരുദ്ധാചാര്യ. ഓസ്ട്രേലിയയുടെ യാഥാർത്ഥ്യം എന്ന തലക്കെട്ടോടെ അനിരുദ്ധാചാര്യ പങ്കുവച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. രാമ-രാവണ യുദ്ധപശ്ചാത്തലം ആസ്‌പദമാക്കിയുള്ളതാണ് വീഡിയോ.

'രാമ-രാവണ യുദ്ധം കഴിഞ്ഞപ്പോൾ വലിയതോതിൽ സൈനികർ കൊല്ലപ്പെട്ടു. അവരുടെയെല്ലാം വാളുകൾ ഉപേക്ഷിക്കപ്പെട്ടു. ലങ്കയിലെ ജനങ്ങൾ കൊല്ലപ്പെട്ടു. രാവണന്റെ എല്ലാ സൈനികരെയും രാമസൈന്യം കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ വാളുകൾ അടക്കമുള്ള ആയുധങ്ങൾ അനാഥമായി. യുദ്ധശേഷം ലങ്കയിൽ വലിയ അളവിൽ ആയുധങ്ങളുടെ കൂമ്പാരമുണ്ടായി. ഈ ആയുധങ്ങൾ സാധാരണക്കാരുടെ കൈയിൽ കിട്ടിയാൽ എന്താവും സ്ഥിതി? രാവണന്റെയോ മേഘനാഥന്റെയോ വാളുകൾ അത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന് രാമൻ ഭയന്നു.

അതിനാൽതന്നെ, ലങ്കയിൽ നിന്ന് കുറച്ചകലെയുള്ള ഒരു ദ്വീപിൽ ആയുധങ്ങൾ ഉപേക്ഷിക്കാൻ രാമൻ തന്റെ സൈനികർക്ക് നിർദേശം നൽകി. അങ്ങനെ ആയുധങ്ങൾ സൂക്ഷിക്കാൻ സൈനികർ കണ്ടെത്തിയ ദ്വീപാണ് അസ്‌ത്രാലയം ആയത്. പിന്നീട് ഈ ദ്വീപ് ഓസ്‌ട്രേലിയ എന്നറിയപ്പെടുകയായിരുന്നു'- എന്നാണ് പൂക്കി ബാബ വീഡിയോയിൽ പറയുന്നത്. വീഡിയോയ്ക്ക് താഴെ അനേകം പരിഹാസ കമന്റുകളും നിറയുന്നുണ്ട്.