'സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം', പരസ്യ സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിൽ പരസ്യസംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് സഖാക്കള്‍ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മിപ്പിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംവാദത്തിനായി മുഖ്യമന്ത്രിക്ക് സ്ഥലവും തീയതിയും തീരുമാനിക്കാമെന്നും നിര്‍ദേശം ഏറ്റെടുക്കുമെന്ന് കരുതുന്നതായും സതീശൻ കൂട്ടിച്ചേർത്തു.
'ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്തുപിടിക്കുന്നതിനൊപ്പം, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെയും മറ്റ് നേതാക്കളുടെയും തൊലിക്കട്ടി അപാരമാണ്. എംഎല്‍എയ്ക്കെതിരായ ബലാത്സംഗ പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോൺഗ്രസ് കേരളത്തില്‍ നില്‍ക്കുന്നത്. ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഇല്ലേ? ആ രണ്ടുപേരുടെയും കൈ ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രം ഇപ്പോഴും കേരളീയ പൊതുസമൂഹത്തിന് മുന്നിലുണ്ട്.
ആരാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി? ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന്‍ ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്? പാര്‍ട്ടി എംഎല്‍എ സ്ഥാനം ഉള്‍പ്പടെ നല്‍കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയത്?
ഒരു ഡസനിലധികം ലൈംഗിക ആരോപണ വിധേയരെയും ക്രിമിനലുകളെയും ചേര്‍ത്തു പിടിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് മാതൃകാപരമായ നടപടി സ്വീകരിച്ച കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത്. എന്റെ പ്രസ്താവനയിൽ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രിയും പാർട്ടിയുമാണ് പ്രതിരോധത്തില്‍ നില്‍ക്കുന്നത്. പിആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു'- സതീശൻ പറഞ്ഞു.