സ്‌കിൻ വെട്ടിത്തിളങ്ങും, വയറിനും ആശ്വാസം, എന്നും വെറുംവയറ്റിൽ ഈ പാനീയം കുടിക്കുന്നത് ശീലമാക്കൂ

Wednesday 10 December 2025 9:29 PM IST

നല്ലൊരു ഉറക്കത്തിന് ശേഷം രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ നമ്മൾ ആദ്യം കഴിക്കുന്നത് ബെഡ്‌കോഫിയോ ചായയോ ആകും. ഇവ രണ്ടും വെറുംവയറ്റിൽ കഴിക്കുന്നത് ഉള്ളിൽ ഗ്യാസ് ഉരുണ്ടുകയറാനും സ്റ്റൊമക്ക് ആസിഡുകളുടെ രൂപീകരണത്തിനും കാരണമാകും ചിലപ്പോൾ നെഞ്ചെരിച്ചിലും വരും. ചിലർ ഇതിനൊപ്പം ബിസ്‌കറ്റും കഴിക്കാറുണ്ട് ഇത് വയറിന് കൂടുതൽ ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയേയുള്ളൂ. ഈ പാനീയങ്ങൾക്ക് പകരം മിക്ക വീടുകളിലും ഉണ്ടാകാവുന്നതോ വാങ്ങാവുന്നതോ ആയ ഒന്ന് ശീലമാക്കുന്നത് നല്ലതാണ്.

കരിക്കിൻവെള്ളമാണ് ആ പാനീയം. ചായയും കാപ്പിയും പോലെ കരിക്കിൻ വെള്ളം സ്റ്റൊമക്ക് ആസിഡ് ഉണ്ടാക്കില്ല. പുലർച്ച ആറ് മണിക്കും എട്ട് മണിയ്‌ക്കുമിടയിൽ ശരീരം ദഹനരസങ്ങൾ കൂടുതൽ നിർമ്മിക്കുന്ന സമയമാണ് ഈ നേരം ഭക്ഷണത്തിൽ നിന്നും മൂന്ന് മടങ്ങ് വിവിധ ഘടകങ്ങൾ ശരീരം ആഗിരണം ചെയ്യും. ആ സമയത്താണ് കരിക്കിൻ വെള്ളം കുടിക്കാൻ പറ്റിയ നേരം.

കരിക്കിൻ വെള്ളത്തിന് ശരീരത്തെ ശുദ്ധീകരിക്കാൻ കഴിവുണ്ട്. കരിക്കിൻ വെള്ളത്തിലെ ലോറിക് ആസിഡ് വയറിലെ ദോഷകരമായ ബാക്‌ടീരിയകളെ കണ്ടെത്തി ഇല്ലാതാക്കും. എന്നാലിത് വെറും വയറ്റിൽ കരിക്കിൻ വെള്ളം കുടിച്ചാലേ സാദ്ധ്യമാകൂ. മറ്റ് ഭക്ഷണത്തോടൊപ്പമായാൽ ഇത് സാദ്ധ്യമല്ല.

രാത്രിസമയത്ത് നമ്മുടെ വൃക്കകൾ ശരീരത്തിലെ മാലിന്യം അരിച്ചെടുക്കാനും ശരീരത്തെ ശുദ്ധീകരിക്കാനും കഠിന പരിശ്രമം നടത്തുകയാകും. പുലർച്ചെയാകുന്നതോടെ ഇവയ്‌ക്ക് പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ലഭിച്ചേ തീരൂ. കരിക്കിൻ വെള്ളത്തിൽ ഇത് ആവശ്യത്തിനുള്ളതിനാൽ അവ രാവിലെ നല്ലതാണ്. ശരീരത്തിൽ ഊർജ്ജം നൽകാൻ കാപ്പിയിലെ കഫീനെക്കാൾ കരിക്കിൻ വെള്ളമാണ് നല്ലത്. മഗ്നീഷ്യമാണ് ഊർജ്ജം നൽകുന്നതിന് സഹായിക്കുന്നത്. ഇത് ആവശ്യത്തിന് കരിക്കിൻ വെള്ളത്തിലുള്ളതിനാൽ പുലർച്ചെ തന്നെ കഴിക്കുന്നത് നല്ലതാണ്.

കോശങ്ങളെ പുനരുൽപാദിപ്പിക്കുന്ന സൈറ്റോകിനുകൾ കരിക്കിൻ വെള്ളത്തിൽ ധാരാളമുണ്ട്. ഇത് അതിരാവിലെ വെറുംവയറ്റിൽ ചെല്ലുന്നതോടെ കോശങ്ങൾ വേഗം നിർമ്മിക്കും. അതോടെ ത്വക്കിന് പ്രത്യേകിച്ച് മുഖം സുന്ദരമായി തിളങ്ങാൻ കഴിയും. ധാരാളം ജലാംശമുള്ളതിനാലും കൂടിയാണിത്.

കാര്യം കരിക്കിൻ വെള്ളത്തിന് ഇത്തരത്തിൽ ഗുണങ്ങൾ ഏറെയാണെങ്കിലും പ്രമേഹ രോഗികളോ, പഴങ്ങളോ മറ്റോ അലർജിയുള്ളവരോ ഇറിറ്റബിൾ ബൗവൽ സിൻട്രോം എന്ന വയറിനസുഖം ഉള്ളവരും പ്രത്യേക മരുന്ന് കഴിക്കുന്നവരും കരിക്കിൻ വെള്ളം ഇത്തരത്തിൽ കുടിക്കരുത്. അവർ കൃത്യമായി ഡോക്‌ടറുടെ നിർദ്ദേശം മാനിച്ചേ ഏത് ആഹാരശീലവും ഉണ്ടാകാവൂ.