യഥാസമയം സത്യവാങ്മൂലം നൽകിയില്ലെങ്കിൽ വൻപിഴ, സുപ്രീംകോടതി  മുന്നറിയിപ്പ്  കേരളത്തിലെ  കേസിൽ

Thursday 11 December 2025 2:53 AM IST

ന്യൂഡൽഹി: നിശ്ചിതസമയത്തിനകത്ത് സത്യവാങ്മൂലം ഫയൽ ചെയ്‌തില്ലെങ്കിൽ വൻപിഴയിടുമെന്ന് കേരള സർക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. മുഴുവൻ സംസ്ഥാനങ്ങൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.

പാലാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത വ്യാജരേഖാ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചപ്പോഴാണ് സംസ്ഥാന സർക്കാരിന്റെ വീഴ്ചയെ വിമർശിച്ചത്. വ്യാപരസ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കാൻ വ്യാജ വാടകക്കരാർ ചമച്ചുവെന്നതാണ് കേസ്.

കോടതിയുടെ വിലയേറിയ സമയമാണ് നഷ്‌ടപ്പെടുന്നതെന്ന്

ജസ്റ്റിസ് സഞ്ജയ് കുമാർ, അലോക് അരാധെ എന്നിവർ പറഞ്ഞു. ഇപ്പോൾ ഇളവു നൽകുന്നുവെന്നും പുതുവർഷത്തിലും ഇതുപോലെയാണെങ്കിൽ കനത്ത പിഴയൊടുക്കേണ്ടി വരുമെന്നും താക്കീത് ചെയ്‌തു.

കേസ് പരിഗണിക്കുന്നതിന്റെ തലേദിവസം രാവിലെ 11നകം സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് സുപ്രീംകോടതിയിലെ ചട്ടം. ഇല്ലെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബെഞ്ചിനു മുന്നിൽ എത്തില്ല. ചൊവ്വാഴ്ച സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ്. മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചപ്പോൾ കോടതിയുടെ മുന്നിലെത്തിയില്ല. ഇതോടെയാണ് ബെഞ്ച് പ്രകോപിതരായത്.