'ശമ്പളത്തില്‍ നിന്നുള്ള പണം ഉപയോഗിക്കാതെ 10 ലക്ഷത്തിന്റെ കാര്‍ വാങ്ങി', പ്രവീണിന്റെ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ഇങ്ങനെ

Wednesday 10 December 2025 9:55 PM IST

രു കാറ് വാങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു ശരാശരി ഇന്ത്യക്കാരന്‍ ആദ്യം ചിന്തിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഡൗണ്‍പേമെന്റ് ആയി എത്ര രൂപ അടയ്ക്കണം, പ്രതിമാസ ഇഎംഐ ഇനത്തില്‍ എത്ര രൂപ ശമ്പളത്തില്‍ നിന്ന് മാറ്റി വയ്ക്കണം. എന്നാല്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത് ശമ്പളത്തില്‍ നിന്ന് ഒരു രൂപ പോലും ഉപയോഗിക്കാതെ കാര്‍ വാങ്ങിയെന്ന യുവാവിന്റെ അവകാശവാദമാണ്. 10 ലക്ഷം രൂപ വില വരുന്ന കാറാണ് യുവാവ് വാങ്ങിയിരിക്കുന്നത്.

എങ്ങനെയാണ് താന്‍ ശമ്പളം ഉപയോഗിക്കാതെ കാര്‍ വാങ്ങിയതെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. മുംബയ് സ്വദേശിയായ പ്രവീണ്‍ ജോഷില്‍കര്‍ എന്ന യുവാവാണ് പുതിയ കാര്‍ വാങ്ങിയതിലൂടെ സമൂഹമാദ്ധ്യമങ്ങളില്‍ താരമായി മാറിയത്. ഇറ്റലിയിലെ ഒരു ക്രൂസ് കപ്പലിലാണ് യുവാവ് ജോലി ചെയ്യുന്നത്. തനിക്ക് ടിപ്പായി ലഭിക്കുന്ന തുക മാറ്റിവച്ച് അത് ഉപയോഗിച്ചാണ് പ്രവീണ്‍ കാര്‍ വാങ്ങിയത്. താന്‍ ജോലി ചെയ്യുന്ന ക്രൂസ് കപ്പലിലെത്തുന്ന യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമെല്ലാമുള്ള അതിഥികളില്‍ നിന്ന് ലഭിച്ച ടിപ്പ് തുക ഉപയോഗിച്ചാണ് കാര്‍ വാങ്ങിയതെന്ന് അദ്ദേഹം പറയുന്നു.

പുതിയ കാറിന് സമീപം നില്‍ക്കുന്ന സ്വന്തം ചിത്രത്തിനൊപ്പമുള്ള ചിത്രം സഹിതമാണ് പ്രവീണ്‍ ഇക്കാര്യങ്ങള്‍ കുറിച്ചത്. താന്‍ പണം കൈകാര്യം ചെയ്യുന്ന രീതി എങ്ങനെയാണെന്നും അദ്ദേഹം വിശദീകരിച്ചു. 'എന്റെ ക്രൂസ് കപ്പലിലെ എല്ലാ യൂറോപ്യന്‍-യുഎസ് അതിഥികള്‍ക്കും ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ നല്‍കിയ ടിപ്പ് ഉപയോഗിച്ച് 10 ലക്ഷം രൂപയുടെ കാര്‍ ഞാന്‍ വാങ്ങി.' പ്രവീണ്‍ കുറിച്ചു. തന്റെ ജീവിതത്തിലെ ചെലവുകള്‍ക്കുള്ള തുക ടിപ്പില്‍ നിന്നാണ് കണ്ടെത്തുന്നതെന്നും ശമ്പള ഇനത്തില്‍ ലഭിക്കുന്നത് മുഴുവനും സമ്പാദ്യമാണെന്നും ഇയാള്‍ പറയുന്നു.