വീടിനുള്ളിൽ കുടുങ്ങിയ വൃദ്ധ സ്ത്രീകളെ രക്ഷപെടുത്തി
Thursday 11 December 2025 1:27 AM IST
തിരുവല്ല : വാതിലിന്റെ ലോക്ക് ഒടിഞ്ഞതിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയ വൃദ്ധരായ സ്ത്രീകളെ ഫയർഫോഴ്സ് രക്ഷപെടുത്തി. നഗരസഭാ 34 വാർഡിൽ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന് സമീപത്തെ കണ്ടത്തിൽ വീട്ടിൽ താമസിച്ചിരുന്ന ബധിരയായ അന്നമ്മ വർഗീസ്, ബന്ധു ഉഷാ മാമ്മൻ എന്നിവരാണ് വീടിനുള്ളിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ 7.40നാണ് സംഭവം. പുറത്തിറങ്ങാനാകാതെ ഇവർ വീടിനുള്ളിൽ കുടുങ്ങിയതോടെ ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി ജനലിന്റെ കമ്പി മുറിച്ചുനീക്കി ജീവനക്കാർ അകത്തു കടന്നു. തുടർന്ന് തകരാറിലായ ലോക്ക് തകർത്താണ് വാതിൽ തുറന്നത്. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സ്ത്രീകളെ പുറത്തെത്തിക്കാനായത്.